ജമൈക്ക: ജന്‍മനാട്ടിലെ അവസാനമത്സരത്തിലും ബോള്‍ട്ടിന് എതിരാളികളില്ല. ജന്മനാട്ടിലെ വിടവാങ്ങല്‍ മത്സരത്തില്‍ 100 മീറ്ററില്‍ ഒന്നാമനായി തന്നെ ബോള്‍ട്ട് ഫിനിഷ് ചെയ്തു. റേസേഴ്സ് ഗ്രാൻപ്രിയിൽ ‘സല്യൂട്ട് ടു എ ലെജൻഡ്’ എന്ന വിശേഷിപ്പിച്ച 100 മീറ്റർ മൽസരത്തില്‍ 10.03 സെക്കൻഡിലായിരുന്നു മുപ്പതുകാരനായ ബോൾട്ടിന്റെ ഫിനിഷിങ്.
ജമൈക്കയിലെ നാഷനൽ സ്റ്റേഡിയത്തില്‍ നടന്ന ബോൾട്ടിന്റെ വിടവാങ്ങല്‍ മത്സരം കാണാന്‍ 35,000ത്തോളം ആരാധകരാണ് ഗ്യാലറിയിലെത്തിയത്. മൽസരശേഷം അഞ്ചാം നമ്പർ ട്രാക്കിനെ ചുംബിച്ച ബോൾട്ട്, സ്വതസിദ്ധമായ മിന്നൽപോസിൽനിന്നാണു വിജയം ആഘോഷിച്ചത്. കരിമരുന്നുപ്രയോഗം നടത്തി ജമൈക്ക ബോൾട്ടിനെ വരവേറ്റു.
പതിനഞ്ചുവർഷം മുൻപ് ഇതേ കിങ്സ്റ്റൺ നാഷനൽ സ്റ്റേഡിയത്തിൽ 200 മീറ്ററിൽ ലോക ജൂനിയർ സ്വർണം നേടിയാണു ബോൾട്ട് എന്ന ഇടിമിന്നൽ വരവറിയിച്ചത്. എട്ട് ഒളിംപിക്സ് സ്വർണവും 11 ലോകചാംപ്യൻഷിപ് വിജയങ്ങളും ബോൾട്ട് എന്ന വേഗമാന്ത്രികനു സ്വന്തം. ലണ്ടനിൽ ഓഗസ്റ്റ് അഞ്ചുമുതൽ 13 വരെ നടക്കുന്ന ലോക ചാംപ്യൻഷിപ്പിൽ വിരമിക്കാനാണു ബോൾട്ടിന്റെ തീരുമാനം. ജന്‍മനാട്ടിലെ അവസാന മത്സരത്തിന് മുമ്പ് ആശങ്കയുണ്ടായിരുന്നുവെന്ന് പറഞ്ഞ ബോള്‍ട്ട് മത്സരങ്ങളോട് വിടപറഞ്ഞാലും ട്രാക്കിനൊപ്പം ഉണ്ടാകണമെന്നാണ് ആഗ്രഹമെന്നും കൂട്ടിച്ചേര്‍ത്തു.
