Asianet News MalayalamAsianet News Malayalam

ലോകകപ്പ് യോഗ്യത; നെതര്‍ലന്‍ഡ്സിന് ഞെട്ടിക്കുന്ന തോല്‍വി

Netherlands Suffer 2018 World Cup Qualifying Shock
Author
London, First Published Mar 26, 2017, 7:44 AM IST

ലണ്ടന്‍: ലോകകപ്പ് ഫുട്ബോള്‍ യോഗ്യത മത്സരത്തില്‍ നെതര്‍ലന്‍ഡ്സിന് ഞെട്ടിക്കുന്ന തോല്‍വി. ബള്‍ഗേറിയയാണ് ആര്യന്‍ റോബന്റെ നേതൃത്വത്തിലിറങ്ങിയ നെതര്‍ലന്‍ഡ്സിനെ എതിരില്ലാത്ത രണ്ടു ഗോളിന് അട്ടിമറിച്ചത്. 20 മിനിട്ടിനുള്ളില്‍ സ്‌പാസ് ദെലേവാണ് രണ്ട് ഗോളും നേടിയത്. അഞ്ച് കളിയില്‍ നിന്ന് ഏഴ് പോയിന്റ് മാത്രമുള്ള നെതര്‍ലന്‍ഡ്സ് എ ഗ്രൂപ്പില്‍ നാലാം സ്ഥാനത്താണ്. ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍ക്ക് മാത്രമാണ് ലോകകപ്പിന് നേരിട്ട് യോഗ്യത നേടാനാവുക. മികച്ച രണ്ടാം സ്ഥാനക്കാര്‍ക്കും മൂന്നാം സ്ഥാനക്കാര്‍ക്കും പ്ലേ ഓഫ് കടമ്പ കടന്നാല്‍ യോഗ്യത നേടാനാവും.

ലക്‌സംബര്‍ഗിനെ 3-1ന് തോല്‍പിച്ച് ഫ്രാന്‍സ് ഗ്രൂപ്പിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഒലിവിയര്‍ ജിറൗദിന്റെ ഇരട്ട ഗോളാണ് ഫ്രാന്‍സിന് ജയം സമ്മാനിച്ചത്. അന്‍റോയിന്‍ ഗ്രീസ്മാന്‍ ഒരു ഗോളടിച്ചു. ഗ്രൂപ്പ് ബിയില്‍ ഹംഗറിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പിച്ച പോര്‍ച്ചുഗല്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ട ഗോളാണ് പോര്‍ച്ചുഗലിന് തുണയായത്. ഇതോടെ  രാജ്യാന്തര ഫുട്ബോളില്‍  റൊണാള്‍ഡോയുടെ ഗോള്‍നേട്ടം എഴുപതായി.

യൂറോപ്യന്‍ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന നാലാമത്തെ താരമാണിപ്പോള്‍ റൊണാള്‍ഡോ .84 ഗോള്‍ നേടിയ ഫെറങ്ക് പുഷ്കാസ്, 75 ഗോള്‍ നേടിയ സാന്‍ഡോര്‍ കോസിസ്, 71 ഗോള്‍ നേടിയ മിറോസ്ലാവ് ക്ലോസെ എന്നിവരാണ് റൊണാള്‍ഡോയ്‌ക്ക് മുന്നിലുള്ളത്.

Follow Us:
Download App:
  • android
  • ios