വിരമിക്കലിന് പിന്നില്‍ ധോണിയാണെന്ന് വിവിഎസ് ഒരു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു എന്ന കഥയും ഉടലെടുത്തതോടെ മഹിക്ക് നേരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. വിരമിക്കല്‍ പാര്‍ട്ടിക്ക് ധോണിയെ ക്ഷണിച്ചില്ല എന്ന വാര്‍ത്തകളും പരന്നതോടെ കഥയാകെ മാറി.

ഹൈദരാബാദ്: വിവിഎസ് ലക്ഷ്‌മണിന്‍റെ വിരമിക്കലിന് പിന്നില്‍ എംഎസ് ധോണിയോ. ഇന്ത്യന്‍ ക്രിക്കറ്റിലെ വെരി വെരി സ്‌പെഷലായിരുന്ന ലക്ഷ്‌മണിന്‍റെ വിരമിക്കലിന് പിന്നാലെ ധോണിയെ ചുറ്റിപറ്റിയുണ്ടായ അഭ്യൂഹങ്ങള്‍ ചില്ലറയല്ല. വിരമിക്കലിന് പിന്നില്‍ ധോണിയാണെന്ന് വിവിഎസ് ഒരു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു എന്ന കഥ ഉടലെടുത്തതോടെ മഹിക്ക് നേരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. വിരമിക്കല്‍ പാര്‍ട്ടിക്ക് ധോണിയെ ക്ഷണിച്ചില്ല എന്നും വാര്‍ത്തകള്‍ പരന്നതോടെ കഥയാകെ മാറി.

വര്‍ഷങ്ങള്‍ക്കൊടുവില്‍ ഈ കഥയ്ക്ക് പിന്നിലെ സത്യാവസ്ഥ തുറന്നുപറഞ്ഞിരിക്കുകയാണ് ലക്ഷ്മണ്‍. 'വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് മാധ്യമങ്ങളെ കണ്ടപ്പോള്‍ നിരവധി ചോദ്യങ്ങളുയര്‍ന്നു. വിരമിക്കുകയാണ് എന്ന കാര്യം സഹതാരങ്ങളോട് പറഞ്ഞോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. പറഞ്ഞു എന്നായിരുന്നു മറുപടി. ധോണിയോട് സംസാരിച്ചിരുന്നോ, അദേഹം എന്തുപറഞ്ഞു എന്നതായി അടുത്ത ചോദ്യം. ധോണിയിലേക്കെത്താന്‍ എത്രത്തോളം പ്രയാസമാണെന്ന് നിങ്ങള്‍ക്കറിയില്ലേ എന്ന് വിവിഎസ് മറുപടി പറഞ്ഞു'. ഈ വാക്കുകളാണ് വളച്ചൊടിച്ച് ധോണിക്ക് എതിരെയാക്കിയത് എന്നാണ് വിവിഎസിന്‍റെ വിശദീകരണം. 

ഇതോടെ തന്‍െറ വിരമിക്കലിന് പിന്നില്‍ ധോണിയാണ് എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചതായി വിവിഎസ് വ്യക്തമാക്കി. പിന്നീട് സഹതാരങ്ങളെയും ടീം സ്റ്റാഫിനെയും കണ്ട് നന്ദി പറയുമ്പോള്‍ ധോണി പൊട്ടിച്ചിരിച്ചെന്നും അദേഹത്തിന്‍റെ പക്വതയും ലാളിത്യവും തന്നെ അമ്പരപ്പിച്ചതായും വിവിഎസ് തുറന്നുപറഞ്ഞു. ആത്മകഥയായ '281 ആന്‍ഡ് ബിയോണ്ട്' എന്ന് പുസ്‌തകത്തിലാണ് ഈ പരാമര്‍ശങ്ങളുള്ളത്. 134 ടെസ്റ്റുകളില്‍ നിന്ന് 45.97 ശരാശരിയില്‍ 8781 റണ്‍സ് നേടി 2012ലാണ് ലക്ഷ്‌മണ്‍ വിരമിച്ചത്.