ഫുട്ബോള്‍ ലോകത്തെ വമ്പന്‍ പേരായ റയല്‍ മാഡ്രിഡിന്റെ ഏഴാം നമ്പര്‍ എന്നാല്‍ ഇക്കാലമത്രയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആയിരുന്നു. എന്നാല്‍, അപ്രതീക്ഷിതമായ തീരുമാനത്തിലൂടെ ഇറ്റാലിയന്‍ ക്ലബ് യുവന്‍റസിലേക്ക് റൊണാള്‍ഡോ കൂടുമാറിയതോടെ ആ ഏഴാം നമ്പര്‍ കുപ്പായത്തിന് അവകാശികളില്ലാതായി
മാഡ്രിഡ്: സ്പോര്‍ട്സ് ലോകത്ത് നമ്പറുകള്‍ക്ക് വലിയ പ്രാധാന്യമാണ് ലഭിക്കാറുള്ളത്. ക്രിക്കറ്റിലായാലും ഫുട്ബോളിലായാലുമൊക്കെ ജഴ്സിയിലെ നമ്പര്‍ ഓരോ കളിക്കാരനും നോക്കിയാണ് തെരഞ്ഞെടുക്കാറുള്ളത്. അതില്‍ തന്നെ ചില നമ്പറുകള്‍ക്ക് വലിയ പ്രാധാന്യവും സ്വാധീനവുമൊക്കെ ലഭിക്കാറുണ്ട്.
ഏഴ്, പത്ത്, 99 എന്നിങ്ങനെയുള്ള നമ്പറുകള്‍ ലഭിക്കണമെങ്കില്‍ കളിക്കാരന്‍ അത്രയും പ്രതിഭ തന്നെയായിരിക്കണം. ഫുട്ബോള്‍ ലോകത്തെ വമ്പന്‍ പേരായ റയല്‍ മാഡ്രിഡിന്റെ ഏഴാം നമ്പര്‍ എന്നാല്‍ ഇക്കാലമത്രയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആയിരുന്നു.
എന്നാല്‍, അപ്രതീക്ഷിതമായ തീരുമാനത്തിലൂടെ ഇറ്റാലിയന്‍ ക്ലബ് യുവന്‍റസിലേക്ക് റൊണാള്‍ഡോ കൂടുമാറിയതോടെ ആ ഏഴാം നമ്പര്‍ കുപ്പായത്തിന് അവകാശികളില്ലാതായി. ഈ സീസണ്‍ തുടങ്ങിയതിന് ശേഷം റോണോയുടെ വിഖ്യാത ഏഴാം നമ്പര്‍ റയലില്‍ ഒഴിഞ്ഞ് കിടക്കുകയായിരുന്നു.
ഇപ്പോള്‍, ഇതാ റയല്‍ മാഡ്രിഡിന്റെ ഏഴാം നമ്പര്‍ ജഴ്സിയില്‍ ഒരു പുതിയ താരം ഉയര്‍ന്ന് എത്തിയിരിക്കുന്നു. പുതിയ താരമെന്ന് ഈ ഏഴാം നമ്പറിനെ വിശേഷിപ്പിക്കാനാവില്ല, ഒരിക്കല്‍ റയല്‍ വിറ്റ് കളഞ്ഞ ശേഷം വീണ്ടും സ്പെയിനിലേക്ക് തിരിച്ചെത്തിച്ച മാരിയാനോ ഡയസ്. റയലിന്‍റെ യൂത്ത് ടീമുകളിലൂടെ വളര്‍ന്ന താരമാണ് മാരിയാനോ.
പക്ഷേ, 2016-17 സീസണില്‍ മാത്രമാണ് സീനിയര്‍ ടീമില്‍ കളിക്കാന്‍ അവസരം ലഭിച്ചത്. കഴിഞ്ഞ സീസണില്‍ ഒളിംപിക് ലയോണ്‍ താരത്തെ സ്വന്തമാക്കി. അവിടെ മോശമല്ലാത്ത ആദ്യ സീസണ് ശേഷം ഈ സീസണിലെ മൂന്ന് മത്സരവും കളിച്ചപ്പോള്‍ വീണ്ടും റയിലിലേക്കുള്ള വിളിയെത്തി.
തിരിച്ച് വരവില്‍ ആദ്യം ലഭിച്ച അവസരം എ.സി. റോമയ്ക്കെതിരെ ചാമ്പ്യന്‍സ് ലീഗിന്‍റെ ഗ്രൂപ്പ് പോരാട്ടത്തില്‍. 73-ാം മിനിറ്റില്‍ ഗാരത് ബെയ്‍ലിന് പകരക്കാരായി ജൂലന്‍ ലെപ്റ്റഗ്യൂയി മാരിയാനോയെ കളത്തിലിറക്കി. വമ്പന്‍ താരങ്ങളുടെ കൂട്ടയിടി നടക്കുന്ന റയലില്‍ തന്നെ എന്തിന് തിരിച്ച് വിളിച്ചുവെന്ന് മാരായാനോയ്ക്ക് തെളിയിക്കണമായിരുന്നു.
കളി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രമുള്ളപ്പോള്‍ അതിനുള്ള അവസരം കെെവന്നു. റോമയുടെ നെഞ്ച് തകര്‍ത്ത ഗോള്‍ സ്വന്തമാക്കി മടങ്ങി വരവ് മാരിയാനോ ആഘോഷമാക്കി. മാഴ്സലോ നല്‍കിയ പാസ് കാലിലെടുത്ത് ബോക്സിന് പുറത്ത് നിന്ന് മാരിയാനോ തൊടുത്ത കനത്ത ഷോട്ട് വളഞ്ഞ് വലയെ തുളയ്ക്കുകയായിരുന്നു.
സ്പെയിനില്‍ ജനിച്ച മാരിയാനോയുടെ അമ്മ ഡൊമനിക്കന്‍ ആണ്. 2013ല്‍ ഡൊമനിക്കന്‍ ദേശീയ ടീമിന് വേണ്ടി അരങ്ങേറിയെങ്കിലും ഒരു മത്സരത്തിന് ശേഷം വിരമിച്ചു. തന്‍റെ കരിയര്‍ സ്പെയിനിന് വേണ്ടി കളിക്കണമെന്ന ആഗ്രഹത്താലായിരുന്നു വിരമിക്കല്‍.
മാരിയാനോയുടെ ഗോള്‍ കാണാം...
