മാഡ്രിഡ്: സ്പാനിഷ് സൂപ്പര്‍ കപ്പ് ബാഴ്സിലോണയ്ക്ക് സമ്മാനിച്ചത് പുതിയ ശത്രുവിനെ. മൂന്നാം മിനിറ്റില്‍ റയലിനെ മുന്നിലെത്തിച്ച മാര്‍കോ അസന്‍സിയോയുടെ 25 അടി അകലെ നിന്നുള്ള ബുള്ളറ്റ് ഷോട്ടിന്‍റെ ഞെട്ടലിലാണ് ബാഴ്സ ആരാധകര്‍.
സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സസ്പെന്‍ഷന്‍ മൂലം പുറത്തിരുന്നതിന്‍റെ ക്ഷീണം നികത്തിയാണ് അസന്‍സിയോയുടെ അത്ഭുത ഗോള്‍. എല്‍ ക്ലാസിക്കോയിലെ ആദ്യപാദ മല്‍സരത്തിലും ബാഴ്സക്കെതിരെ അലന്‍സിയോ ലോംഗ് റേഞ്ചറിലൂടെ ഗോള്‍ നേടിയിരുന്നു.
രണ്ടാം പാദമല്‍സരത്തില്‍ ഇരട്ട ഗോളുകള്‍ കുറിച്ചാണ് റയല്‍ സ്പാനിഷ് സൂപ്പര്‍ കപ്പ് നേടിയത്. ഇരുപാദങ്ങളിലുമായി ഒന്നിനെതിരെ അഞ്ചു ഗോളുകളുടെ ആധികാരിക വിജയം. മാര്‍കോ അസെന്‍സിയോക്കു പിന്നാലെ കരീം ബെന്‍സിമ ബാഴ്സക്ക് രണ്ടാം പ്രഹരം നല്കി.
വിങ്ങിലുടെ ഇരച്ചു കയറിയ മാഴ്സലേ നീട്ടിയ അത്യുഗ്രന്‍ ക്രോസ് ബെന്‍സിമ മനോഹരമായി വലയിലാക്കി. എന്നാല്‍ ബാഴ്സ തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും റയല്‍ പ്രതിരോധത്തിന്‍റെയും ഗോളി നവാസിന്‍റെയും മുന്നില്‍ ശ്രമങ്ങള്‍ വിഫലമായി.

