ക്രൈസ്റ്റ്ചര്‍ച്ച്: തന്റെ പ്രിയപ്പെട്ട ബാറ്റ്സ്മാനാരെന്ന് വ്യക്തമാക്കി ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യാംസണ്‍. ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡ‍ുല്‍ക്കറാണ് തന്റെ പ്രിയപ്പെട്ട ക്രിക്കറ്റ് താരമെന്ന് വില്യാംസണ്‍ ഇഎസ്‌പിഎന്‍ ക്രിക് ഇന്‍ഫോക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

വില്യാംസന്റെ അരങ്ങേറ്റ ടെസ്റ്റ് സച്ചിന്‍ ഉള്‍പ്പെട്ട ഇന്ത്യക്കെതിരെ ആയിരുന്നു. സച്ചിന്‍ കഴിഞ്ഞാല്‍ പിന്നെ തനിക്കേറ്റവും പ്രിയപ്പെട്ട താരം മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിംഗാണെന്നും വില്യാംസണ്‍ പറഞ്ഞു. നേരിടാന്‍ ആഗ്രഹിച്ച ബൗളര്‍ ഓസ്ട്രേലിയന്‍ ബൗളിംഗ് ഇതിഹാസം ഗ്ലെന്‍ മക്‌ഗ്രാത്ത് ആണെന്നും വില്യാംസണ്‍ വ്യക്തമാക്കി.

ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്കും ഓസ്ട്രേലിയന്‍ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തിനും ഇംഗ്ലണ്ട് നായകന്‍ ഡോ റൂട്ടിനുമൊപ്പം സമകാലീന ക്രിക്കറ്റിലെ ഫാബ് ഫോറില്‍ ഉള്‍പ്പെടുന്ന താരമാണ് കീവീസ് നായകന്‍ കൂടിയായ വില്യാംസണ്‍. ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ നിലവില്‍ വിരാട് കോലിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണിപ്പോള്‍ വില്യാംസണ്‍.