റാഞ്ചി: ന്യൂസിലന്‍ഡിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 261 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കീവീസ് 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സെടുത്തു. പരമ്പരയിലാദ്യമായി അര്‍ധ സെഞ്ചുറി നേടിയ ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്ടിലിന്റെ ഇന്നിംഗ്സാണ് കീവീസിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. 72 റണ്‍സെടുത്ത ഗപ്ടിലിന് പുറമെ ക്യാപ്റ്റന്‍ കെയ്ന്‍ വില്യാസണ്‍(41), റോസ് ടെയ്‌ലര്‍(35), ടോം ലഥാം(39) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
മൂന്നാം ഏകദിനം ജയിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങിയത്. ജസ്പ്രീത് ബൂമ്രയ്ക്ക് പകരം ധവാല്‍ കുല്‍ക്കര്‍ണി അന്തിമ ഇലവനിലെത്തി. ഇന്ത്യക്കായി അമിത് മിശ്ര രണ്ടും ഉമേഷ് യാദവ്, ധവാല്‍ കുല്‍ക്കര്‍ണി, ഹര്‍ദ്ദീക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്‌ത്തി. ഈ മത്സരം ജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാനാവും.
