രണ്ടാം ഏകദിനത്തില്‍ ഇന്ത്യ ഇറങ്ങുക വിജയത്തുടര്‍ച്ചക്കായി. ആദ്യ ഏകദിനത്തില്‍ ഇന്ത്യ എട്ട് വിക്കറ്റിന് വിജയിച്ചിരുന്നു. നേപ്പിയറില്‍ തിളങ്ങിയെങ്കിലും ബൗളര്‍മാരില്‍ ഇന്ത്യ പരീക്ഷണത്തിന് മുതിര്‍ന്നേക്കും.
ബേ ഓവല്‍: ന്യൂസീലന്‍ഡിനെതിരെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ ഇറങ്ങുക വിജയത്തുടര്‍ച്ചക്കായാണ്. അഞ്ച് ഏകദിനങ്ങളുടെ പരമ്പരയില്‍ നേപ്പിയറില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ എട്ട് വിക്കറ്റിന് അനായാസം വിജയിച്ചിരുന്നു. ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 34.5 ഓവറില്‍ മറികടക്കുകയായിരുന്നു. നേപ്പിയറില്‍ തിളങ്ങിയെങ്കിലും രണ്ടാം ഏകദിനത്തില്‍ ബൗളര്‍മാരില്‍ ഇന്ത്യ പരീക്ഷണത്തിന് മുതിര്‍ന്നേക്കും.
നേപ്പിയറില്‍ തിളങ്ങിയില്ലെങ്കിലും രോഹിത് ശര്‍മ്മയും അര്‍ദ്ധ സെഞ്ചുറി നേടിയ ശിഖര്‍ ധവാനും തന്നെയാകും ഓപ്പണര്‍മാര്‍. നേപ്പിയറില്‍ 75 റണ്‍സെടുത്ത് ധവാന്‍ ഫോമിലാണ്. വിരാട് കോലി, അമ്പാട്ടി റായുഡു, കേദാര്‍ ജാദവ്, എം എസ് ധോണി എന്നിവരുടെ സ്ഥാനങ്ങളും സുരക്ഷിതം. എന്നാല്‍ നേപ്പിയറില്‍ കളിച്ച ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിനെ ഉള്‍പ്പെടുത്താനുള്ള സാധ്യതകള്‍ കുറവാണ്. മധ്യനിര കരുത്തുറ്റതാണെന്നതും നേപ്പിയറില്‍ വിജയ്‌ക്ക് വിക്കറ്റൊന്നും നേടാനാകാത്തതുമാണ് കാരണം.
വിജയ്‌ക്ക് പകരം പേസര്‍ ഖലീലിന് ഇന്ത്യ അവസരം നല്‍കിയേക്കും. അങ്ങനെവന്നാല്‍ ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, ഖലീല്‍ അഹമ്മദ് എന്നിവരാകും ടീമിലെ പേസര്‍മാര്‍. നേപ്പിയറില്‍ ഷമി മൂന്ന് വിക്കറ്റ് വീഴ്‌ത്തിയിരുന്നു. നാല് വിക്കറ്റ് വീഴ്‌ത്തിയ കുല്‍ദീപും രണ്ട് വിക്കറ്റെടുത്ത ചാഹലിനെയും നിലനിര്‍ത്തുമെന്നുറപ്പാണ്. ഇന്ത്യന്‍ ഇലവനില്‍ മറ്റ് കാര്യമായ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ശനിയാഴ്‌ച ബേ ഓവലിലാണ് രണ്ടാം ഏകദിനം.
