ഇന്ത്യക്ക് ജയിക്കാൻ ആറ് വിക്കറ്റുകള്‍ മാത്രം മതിയെങ്കിലും മഴ വില്ലനാവുമോ എന്നതാണ് ഇന്ത്യൻ ക്യാമ്പിന് ആശങ്ക സമ്മാനിക്കുന്നത്.

ഗാലെ: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ വിജയത്തിന്‍റെ പടിവാതിൽക്കലാണ് ഇന്ത്യ. നാലാം ദിനം കളി അവസാനിക്കുമ്പോൾ 372 റൺസെന്ന കൂറ്റൻ ലക്ഷ്യം പിന്തുടരുന്ന ശ്രീലങ്ക രണ്ടാം ഇന്നിംഗ്സിൽ 4 വിക്കറ്റ് നഷ്ടത്തില്‍ 84 റൺസെന്ന നിലയില്‍ തോല്‍വിയുടെ വക്കത്താണ്. ആറ് വിക്കറ്റ് ശേഷിക്കെ ശ്രീലങ്കക്ക് ജയിക്കാൻ 288 റൺസ് കൂടി വേണം. ഇന്ത്യക്ക് ആറ് വിക്കറ്റുകളും. മഴ പലവട്ടം കളി തടസപെടുത്തി മത്സരത്തില്‍ അഞ്ചാം ദിനത്തിലെ കാലാവസ്ഥയായിരിക്കും മത്സരഫലത്തില്‍ നിർണായകമാകുക.

രണ്ടാം ഇന്നിംഗ്സിൽ ആക്രമണോത്സുക ബാറ്റിംഗ് പുറത്തെടുത്ത ഇന്ത്യ 193 റൺസിന് പുറത്തായെങ്കിലും ആദ്യ ഇന്നിംഗ്സിലെ 178 റണ്‍സിന്‍റെ കൂറ്റന്‍ ലീഡിന്‍റെ കരുത്തിലാണ് ശ്രീലങ്കക്ക് 372 റണ്‍സ് വിജയലക്ഷ്യം മുന്നോട്ടുവെച്ചത്. 69 പന്തിൽ 66 റൺസ് നേടിയ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തിന്‍റെന്റെ പ്രകടനമാണ് ഇന്ത്യൻ സ്കോർ വേഗത്തിലാക്കിയത്. ദേവ്ദത്ത് പടിക്കൽ (44), കെ. എൽ. രാഹുൽ (35) എന്നിവരും മികച്ച പിന്തുണ നൽകി. മറുപടി ബാറ്റിംഗിനിറങ്ങിയ ലങ്കൻ നിരയെ ഇന്ത്യൻ ബൗളർമാർ തുടക്കത്തിലേ തകർത്തു. നാലാം ദിനം കളി നിർത്തുമ്പോൾ നായകൻ ധനഞ്ജയ ഡി സിൽവയും (31*), ഒന്നാം ഇന്നിംഗ്സിൽ സെഞ്ചുറി നേടിയ സോണാൽ ദിനുഷയുമാണ് (25*) ക്രീസിലുള്ളത്.

ഗാല്ലെയിലെ ചരിത്രം ലങ്കയ്ക്ക് കടുത്ത തിരിച്ചടി

ഗാല്ലെയിലെ ചരിത്രം പരിശോധിച്ചാൽ ശ്രീലങ്കയ്ക്ക് കാര്യങ്ങൾ ഒട്ടും എളുപ്പമല്ല. ഈ സ്റ്റേഡിയത്തിൽ വിജയിച്ച ഏറ്റവും ഉയർന്ന നാലാം ഇന്നിംഗ്സ് ചേസ് 2022-ൽ പാകിസ്ഥാൻ നേടിയ 344 റൺസാണ്. 1998-ന് ശേഷം രണ്ടുതവണ മാത്രമാണ് 200-ന് മുകളിൽ റൺസ് പിന്തുടർന്ന് ഈ ഗ്രൗണ്ടിൽ ഒരു ടീം വിജയം കണ്ടിട്ടുള്ളത്. ചരിത്രത്തിലെ ഏറ്റവും വലിയ റൺചേസ് തന്നെ വേണം ശ്രീലങ്കയ്ക്ക് ഇനി ജയിക്കാൻ.

അഞ്ചാം ദിനം വില്ലനാകുമോ മഴ?

ഇന്ത്യക്ക് ജയിക്കാൻ ആറ് വിക്കറ്റുകള്‍ മാത്രം മതിയെങ്കിലും മഴ വില്ലനാവുമോ എന്നതാണ് ഇന്ത്യൻ ക്യാമ്പിന് ആശങ്ക സമ്മാനിക്കുന്നത്. അഞ്ചാം ദിനം രാവിലെ ആകാശം പൊതുവെ മേഘാവൃതമായിരിക്കുമെങ്കിലും ഇന്ത്യൻ സമയം രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1 മണി വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. ഉച്ചയ്ക്ക് 12 മണിയോടെ 58 ശതമാനം വരെ മഴ പെയ്യാൻ സാധ്യതയുണ്ട്. ലങ്കൻ ബാറ്റർമാർ ക്രീസിൽ പിടിച്ച് നിൽക്കാൻ ശ്രമിച്ചാൽ, ഈ രണ്ട് മണിക്കൂറിലെ കളി തടസം അവർക്ക് കാര്യങ്ങൾ എളുപ്പമാക്കും. എങ്കിലും മഴ മാറിനിൽക്കുകയാണെങ്കിൽ ശേഷിക്കുന്ന 6 വിക്കറ്റുകൾ വേഗത്തിൽ വീഴ്ത്തി ടെസ്റ്റ് പരമ്പരയിൽ 1-0ത്തിന് മുന്നിലെത്താമെന്ന ആത്മവിശ്വാസത്തിലാണ് ഗില്ലും സംഘവും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക