എഡ്ജ്ബാസ്റ്റണ്‍: മാര്‍ട്ടിന്‍ ഗപ്‌ടിലും കെയ്ന്‍ വില്യംസണും കോറി ആന്‍ഡേഴ്‌സണുമൊക്കെ അടിച്ചുതകര്‍ത്തപ്പോള്‍ ലങ്കന്‍ ബൗളര്‍മാര്‍ക്ക് ഒന്നും ചെയ്യാനായില്ല. ഐസിസി ചാംപ്യന്‍സ് ട്രോഫി സന്നാഹമല്‍സരത്തില്‍ ന്യൂസിലാന്‍ഡ് ആറു വിക്കറ്റിന് ശ്രീലങ്കയെ പരാജയപ്പെടുത്തി. ശ്രീലങ്ക ഉയര്‍ത്തിയ 357 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം ന്യൂസിലാന്‍ഡ് അനായാസം മറികടന്നു. നാലു വിക്കറ്റും 23 പന്തും അവശേഷിക്കെയായിരുന്നു കീവികളുടെ വിജയം. 76 പന്തില്‍ 116 റണ‍്സെടുത്ത മാര്‍ട്ടിന്‍ ഗപ്‌ടിലാണ് ന്യൂസിലാന്‍ഡ് വിജയത്തിന് അടിത്തറപാകിയത്. 60 പന്തില്‍ 88 റണ്‍സെടുത്ത ഗപ്‌ടിലും 36 പന്തില്‍ 50 റണ്‍സെടുത്ത ആന്‍ഡേഴ്‌സണും വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു.

ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ശ്രീലങ്ക നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്‌ടത്തില്‍ 356 റണ്‍സെടുക്കുകയായിരുന്നു. സെ‌ഞ്ച്വറി നേടിയ ഉപുല്‍ തരംഗയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. തരംഗ 110 റണ്‍സെടുത്തു. കുശാല്‍ മെന്‍ഡിസ് 57 റണ്‍സും ദിനേഷ് ചന്ദിമാല്‍ 55 റണ്‍സും നേടി. ന്യൂസിലാന്‍ഡിനുവേണ്ടി ട്രെന്റ് ബോള്‍ട്ട്, ടിം സൗത്തി എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി.