മുംബൈ: മൂന്ന് ഏകദിനങ്ങളുടെ ഇന്ത്യന്‍ പര്യടനത്തില്‍ ന്യൂസിലന്‍റിന് വിജയത്തുടക്കം. മുംബൈയിലെ വാംഖഡെയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ന്യൂസിലന്‍റ് ഇന്ത്യയെ ആറ് വിക്കറ്റിന് തോല്‍പിച്ചു. സെഞ്ചുറി നേടി പുറത്താകാതെ നിന്ന ടോം ലഥാനും(103) അര്‍ദ്ധസെഞ്ചുറി നേടിയ റോസ് ടെയ്‌ലറും (95) ആണ് ന്യൂസിലന്‍റിന്‍റെ വിജയ ശില്‍പികള്‍. സെഞ്ചുറി നേടിയ വിരാട് കോലിയുടെ കരുത്തില്‍ ഇന്ത്യയുയര്‍ത്തിയ വിജയലക്ഷ്യമായ 281 റണ്‍സ്, ആറ് പന്തുകള്‍ ബാക്കി നില്‍ക്കെ സന്ദര്‍ശകര്‍ മറികടന്നു. ന്യൂസിലന്‍റിനായി മാര്‍ട്ടിന്‍ ഗുപ്റ്റില്‍ 32 റണ്‍സും കോളിന്‍ മണ്‍റോ 28 റണ്‍സുമെടുത്തു. ജസ്പ്രീത് ബൂംറ, കുല്‍ദീപ് യാദവ്, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

ടോം ലഥാനും റോസ് ടെയ്‌ലറും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 200 റണ്‍സിന്‍റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 280 റണ്‍സെടുത്തിരുന്നു. 200-ാം ഏകദിനം കളിച്ച വിരാട് കോലി125 പന്തില്‍ 121 റണ്‍സെടുത്ത് 31-ാം ഏകദിന സെഞ്ചുറി സ്വന്തമാക്കി. ഇന്ത്യയ്ക്കായി ദിനേശ് കാര്‍ത്തിക്ക്(37), എം എസ് ധോണി(25), ഭുവനേശ്വര്‍ കുമാര്‍(15 പന്തില്‍ 26) എന്നിവര്‍ റണ്‍സെടുത്തു. 35 റണ്‍സിന് നാല് വിക്കറ്റുകള്‍ വീഴ്ത്തിയ ട്രന്‍റഡ് ബോള്‍ട്ടും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ടിം സൗത്തിയുമാണ് ഇന്ത്യയെ എറിഞ്ഞിട്ടത്. ഏകദിനത്തിലെ നാലാം ഏകദിന സെഞ്ചുറി നേടിയ ടോം ലഥാനാണ് മാന്‍ ഓഫ് ദ് മാച്ച്.