മാഡ്രിഡ്: ബാഴ്സലോണ വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ പരിശീലനത്തിനിടെ സഹതാരത്തെ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ പൊതിരെ തല്ലി. ഈ സീസണില്‍ ബാഴ്സയിലെത്തിയ നെല്‍സണ്‍ സെമേഡോയെ ആണ് നെയ്മര്‍ തല്ലിയത്. സീസണ്‍ തുടങ്ങുന്നതിന് മുന്നോടിയായി അമേരിക്കയില്‍ സന്ദര്‍ശനം നടത്തുകയാണ് ബാഴ്സ ഇപ്പോള്‍.

പരിശീലനത്തിനിടെ സെമേഡോ പിന്നില്‍ നിന്ന് ടാക്കിള്‍ ചെയ്യാന്‍ ശ്രമിച്ചതാണ് നെയ്മറെ പെട്ടെന്ന് പ്രകോപിപ്പിച്ചത്. സഹതാരങ്ങള്‍ ഇടപെട്ട് ഇരുവരും പിടച്ചുമാറ്റിയാണ് രംഗം ശാന്തമാക്കിയത്. ബാഴ്സലോണ വിട്ട് നെയ്മര്‍ ഫ്രഞ്ച് ക്ലബ്ബായ പിഎസ്‌ജിയില്‍ ചേരുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പരിശീലന മത്സരങ്ങളില്‍ മിന്നും ഫോമിലായിരുന്നു നെയ്മര്‍. രണ്ട് കളികളില്‍ മൂന്ന് ഗോളടിച്ച് താരം തിളങ്ങിയിരുന്നു.

ലാ ലിഗയിലെ എതിരാളികളായ റയല്‍ മാഡ്രിഡുമായി ശനിയാഴ്ച സൗഹൃദ മത്സരം കളിക്കാനിരിക്കെയാണ് ബാഴ്സ ക്യാംപില്‍ നിന്ന് അടിയുടെ വാര്‍ത്ത പുറത്തുവരുന്നത്. ബ്രസീലിയന്‍ ക്ലബ്ബായ സാന്റോസില്‍ നിന്ന് ബാഴ്സയിലെത്തിയ നെയ്മര്‍ പലപ്പോഴും മെസ്സിയുടെ നിഴലില്‍ ഒതുങ്ങിപ്പോവുകയായിരുന്നു. ഇതാണ് ക്ലബ്ബ് വിടാന്‍ താരത്തെ പ്രേരിപ്പിക്കുന്നതെന്നാണ് സൂചന.