മാഡ്രിഡ്: ബാഴ്സലോണയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഗോള്‍വേട്ട കൂട്ടുകെട്ടായ എംഎസ്എന്‍(മെസി-സുവാരസ്-നെയ്മര്‍) ത്രയം ഇനിയുണ്ടാകില്ല. ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ബാഴ്സലോണ വിട്ട് ഫ്രഞ്ച് ക്ലബ്ബായ പിഎസ്‌ജിയില്‍ ചേരാന്‍ തീരുമാനിച്ചു. ടീം വിടുകയാണെന്ന് നെയ്മര്‍ ബാഴ്‌സലോണയെ ഔദ്യോഗികമായി അറിയിച്ചു.

ദോഹയില്‍ പിഎസ്ജി മാനേജുമെന്‍റുമായി ചര്‍ച്ച നടത്തിയശേഷം ബാഴ്‌സയില്‍ എത്തിയ നെയ്മറെ കോച്ച് ഏണസ്റ്റോ പരിശീലം നടത്താന്‍ അനുവദിച്ചില്ല. ഇതിന് തൊട്ടുപിന്നാലെയാണ് ടീം വിടുകയാണെന്ന് നെയ്മര്‍ അറിയിച്ചത്. ബാഴ്‌സയിലെ സഹതാരങ്ങളോട് യാത്ര ചോദിക്കുകയും ചെയ്തു.

റെക്കോര്‍ഡ് തുകയായ 260 ദശലക്ഷം ഡോളറാണ് നെയ്മറുടെ ട്രാന്‍സ്ഫര്‍ തുക. മുഴുവന്‍ തുകയും നല്‍കിയാല്‍ നെയ്മറെ ഉടന്‍ വിട്ടുനല്‍കുമെന്ന് ബാഴ്സ അറിയിച്ചു. 2013ല്‍ ബ്രസീലിയന്‍ ക്ലബ്ബായ സാന്റോസില്‍ നിന്നാണ് നെയ്മര്‍ ബാഴ്സയിലെത്തിയത്. അഞ്ചു വര്‍ഷത്തേക്കായിരുന്നു ബാഴ്സയുമായി നെയ്മറുടെ കരാര്‍. ബാഴ്സലോണയില്‍ താരം പലപ്പോഴും മെസിയുടെയും സുവാരസിന്റെയും നിഴലിലായിപ്പോയിരുന്നു. ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പില്‍ റയല്‍ മാഡ്രിഡിനെതിരെ ആയിരുന്നു നെയ്മര്‍ അവസാനമായി ബാഴ്സ ജേഴ്സിയില്‍ കളിച്ചത്.