നെയ്മര്‍ ലോകകപ്പിന് മുമ്പ് ഫിറ്റ്നസ് വീണ്ടെടുത്തേക്കുമെന്ന് സൂചന

സാവോപോള: കാലിലെ ശസ്ത്രക്രിയയെ തുടര്‍ന്ന് വിശ്രമിക്കുന്ന ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ നെയ്മര്‍ സുഖംപ്രാപിക്കുന്നതായി ടീം ഡോക്ടര്‍ റോഡ്രിഗോ ലാസ്മര്‍. ഇതോടെ ജൂണ്‍ 14ന് ആരംഭിക്കുന്ന ലോകകപ്പില്‍ നെയ്മര്‍ക്ക് കളിക്കാനാകുമെന്ന പ്രതീക്ഷ വര്‍ദ്ധിച്ചു. മാര്‍സീലേക്കെതിരായ മത്സരത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് മാര്‍ച്ച് മൂന്നിനായിരുന്നു പിഎസ്ജി താരമായ നെയ്മറുടെ ശസ്ത്രക്രിയ.

ഫിസിയോതെറാപ്പിസ്റ്റുകള്‍ ദിവസവും രണ്ടുമൂന്ന് തവണ നെയ്മറെ പരിശീലിപ്പിക്കുന്നുണ്ട്. എത്രയും വേഗം ഫിറ്റ്നസ് വീണ്ടെടുക്കാന്‍ കഠിനമായ ശ്രമങ്ങളാണ് നടത്തുന്നത്. സൂപ്പര്‍ താരത്തിന്‍റെ കാലുകള്‍ക്ക് ഭാവിയില്‍ മറ്റ് പ്രശ്നങ്ങളൊന്നുമുണ്ടാകില്ലെന്നും ടീം ഡോക്ടര്‍ അറിയിച്ചു. നെയ്മര്‍ക്ക് മൂന്ന് മാസം വരെ വിശ്രമം വേണ്ടിവരും എന്നായിരുന്നു ശസ്ത്രക്രിയക്ക് ശേഷം നേരത്തെ റോഡ്രിഗോ ലാസ്മര്‍ അറിയിച്ചിരുന്നത്.