തുടക്കത്തില്‍ തകര്‍ച്ച നേരിട്ട ഇന്ത്യയെ ശീഖര്‍ ധവാന്‍റെ അര്‍ദ്ധ സെഞ്ചുറിയാണ് മികച്ച സ്കോറിലെത്തിച്ചത്

കൊളംബോ: നിദാഹാസ് ട്രോഫി ത്രിരാഷ്ട്ര ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്കെതിരെ ശ്രീലങ്കയ്ക്ക് 175 റണ്‍സ് വിജയലക്ഷ്യം. കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗാരംഭിച്ച ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റിന് 174 റണ്‍സെടുത്തു. തകര്‍ച്ചയോടെ തുടങ്ങിയ ഇന്ത്യ ഓപ്പണ്‍ ശീഖര്‍ ധവാന്‍റെ അര്‍ദ്ധ സെഞ്ചുറിയുടേയും മധ്യനിരയുടെയും കരുത്തില്‍ മികച്ച സ്കോറിലെത്തുകയായിരുന്നു. 

പ്രേമദാസയില്‍ ഇന്ത്യന്‍ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ചമീരയുടെ ആദ്യ ഓവറിലെ നാലാം പന്തില്‍ രോഹിത് ശര്‍മ്മ അക്കൗണ്ട് സംപൂജ്യനായി മടങ്ങി. ജീവന്‍ മെന്‍ഡിസിന്‍റെ തകര്‍പ്പന്‍ ക്യാച്ചിലായിരുന്നു രോഹിതിന്‍റെ പുറത്താകല്‍. മൂന്നാമനായി വന്ന സുരേഷ് റെയ്നയെ(1) രണ്ടാം ഓവറിലെ അവസാന പന്തില്‍ പ്രദീപ് ബൗള്‍ഡാക്കിയതോടെ ഇന്ത്യ രണ്ട് വിക്കറ്റിന് ഒമ്പത് റണ്‍സെന്ന നിലയില്‍ പതറി. 

എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ധവാന്‍-പാണ്ഡെ സഖ്യം ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി. 10.5 ഓവറില്‍ ധനഞ്ജയയെ ബൗണ്ടറി കടത്തി ശീഖര്‍ ധവാന്‍ അഞ്ചാം അര്‍ദ്ധ സെഞ്ചുറി പൂര്‍ത്തിയാക്കി. ഇരുവരും ബൗണ്ടറികളുമായി ശ്രീലങ്കന്‍ ബൗളര്‍മാരെ കൈകാര്യം ചെയ്തതോതോടെ 12 ഓവറില്‍ ഇന്ത്യ 100 കടന്നു. എന്നാല്‍ തൊട്ടടുത്ത ഓവറിലെ നാലാം പന്തില്‍ 35 പന്തില്‍ 37 റണ്‍സെടുത്ത് നിലയിറപ്പിച്ചിരുന്ന പാണ്ഡെയെ ജീവന്‍ മെന്‍ഡിസ് പുറത്താക്കി. 

പിന്നീട് ക്രീസിലെത്തിയത് ഇന്ത്യയുടെ യുവ വിസ്മയം റിഷഭ് പന്ത്. കരുതലോടെ പന്ത് കളി തുടങ്ങിയപ്പോള്‍ മറുവശത്ത് ധവാന്‍ ശ്രീലങ്കയെ അതിര്‍ത്തികടത്തിക്കൊണ്ടിരുന്നു. 83 റണ്‍സില്‍ നില്‍ക്കേ ടി20യില്‍ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യന്‍ താരത്തിന്‍റെ ഉയര്‍ന്ന സ്കോര്‍ ധവാന്‍ സ്വന്തം പേരിലാക്കി. എന്നാല്‍ സെഞ്ചുറി തികയ്ക്കുമെന്ന തോന്നിച്ച ധവാന്‍ 90ല്‍ നില്‍ക്കേ ഗുണതിലകയുടെ പന്തില്‍ പെരേര പിടിച്ച് പുറത്തായി. 49 പന്തില്‍ ആറ് വീതം ബൗണ്ടറിളടങ്ങിയതായിരുന്നു ധവാന്‍ വെടിക്കെട്ട്.

ഇതോടെ ഇന്ത്യ 18 ഓവറില്‍ നാല് വിക്കറ്റിന് 153 റണ്‍സ് എന്ന നിലയിലായി. ധവാന്‍ മടങ്ങിയതോടെ ക്രീസിലെത്തിയത് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ദിനേശ് കാര്‍ത്തിക്. അവസാന രണ്ട് ഓവറില്‍ 21 റണ്‍സാണ് ഇരുവരും നേടിയത്. എന്നാല്‍ അവസാന പന്തില്‍ റിഷഭ് പന്ത്(23) പുറത്തായതോടെ ഇന്ത്യന്‍ ഇന്നിംഗ്സ് അഞ്ച് വിക്കറ്റിന് 174 എന്ന നിലയില്‍ അവസാനിച്ചു. ദിനേശ് കാര്‍ത്തിക് 13 റണ്‍സുമായി പുറത്താകാതെ നിന്നു.