സാമൂഹിക പ്രശ്നങ്ങളെ ആക്ഷേപഹാസ്യത്തിൽ അവതരിപ്പിക്കുന്ന ചിത്രം, നൂറിലേറെ പുതുമുഖങ്ങളുടെയും സുട്ടു എന്ന നായയുടെയും പ്രകടനങ്ങളാൽ ഏറെ ശ്രദ്ധ നേടുന്നു. Pennum Porattum directed by Rajesh Madhavan getting positive response

പട്ടട എന്ന സങ്കൽപ്പിക ഗ്രാമത്തെ അടിസ്ഥാനമാക്കി രാജേഷ് മാധവൻ സംവിധാനം ചെയ്ത പെണ്ണും പൊറാട്ടും മികച്ച അഭിപ്രായങ്ങളുമായി രണ്ടാം ആഴ്ചയിൽ തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മനുഷ്യരും മൃഗങ്ങളും ഒരേ രീതിയിൽ വേട്ടയാടപ്പെടുന്ന പട്ടടയിലെ സവിശേഷത തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകർഷകം. അതോടൊപ്പം ഇപ്പോൾ നിറഞ്ഞ കൈയ്യടി നേടുകയാണ് പട്ടടയിലെ ഗ്രാമവാസികളായി അഭിനയിച്ച നൂറിലേറെ വരുന്ന പുതുമുഖ താരങ്ങളും.

നൂറോളം മനുഷ്യരും നാനൂറോളം മൃഗങ്ങളുമാണ് ഇതിൽ അഭിനയിച്ചിരിക്കുന്നതെന്ന് രാജേഷ് മാധവൻ മുൻപേ തന്നെ പറഞ്ഞിട്ടുമുണ്ട്. പാലക്കാടൻ പശ്ചാത്തലമാക്കി കഥ പറയുന്ന ചിത്രത്തിൽ, കൊല്ലങ്കോടും പരിസരങ്ങളിലുമായി ചിത്രീകരിച്ച സിനിമയിലെ ഭൂരിഭാഗം അഭിനേതാക്കളെയും അവിടെനിന്നുതന്നെ കണ്ടെത്തുകയായിരുന്നു. "അവരെല്ലാം സിനിമയുടെ ഭാഗമായി മാറുകയായിരുന്നു. പരിചിതമല്ലാത്ത സാഹചര്യം പ്രേക്ഷകർക്ക് കിട്ടണം. ഒരേ ശൈലിയിലുള്ള ഒരു കൂട്ടം ആളുകൾ ഉണ്ടെങ്കിൽ നല്ലതെന്നു തോന്നിയിരുന്നു. അവർ തമ്മിൽ സംസാരിക്കുമ്പോൾ ഒരു താളമുണ്ടാകും.ആ താളത്തിലാണ് തമാശയും ജീവിതവും അടുപ്പവുമെല്ലാം ഉണ്ടാകുക..." എന്നായിരുന്നു പുതുമുഖങ്ങളെ കണ്ടെത്തിയതിന്റെ കാരണമായി രാജേഷ് മാധവൻ ഒരു അഭിമുഖത്തിൽ പറഞ്ഞത് .

മൃഗങ്ങളോടുള്ള ക്രൂരതയുടെ ദൂഷ്യങ്ങളും സമൂഹത്തിന്റെ തെറ്റായ ചിന്താഗതികളുമൊക്കെ ആക്ഷേപഹാസ്യത്തിലൂടെ വരച്ചു കാട്ടുന്ന ചിത്രത്തിൽ സമ്മതമില്ലാത്ത വിവാഹത്തിനും നിർബന്ധിക്കപ്പെടുന്ന ചാരുലത, കാമുകനായ ബാബുരാജ്, കൂടാതെ പേപ്പട്ടി എന്ന് മുദ്രകുത്തി ഗ്രാമത്തിന്റെ അക്രമത്തിന് ഇരയാകുന്ന ബാബുരാജിൻ്റെ നായയായ സുട്ടു എന്നിവരുടെ ജീവിതത്തിലൂടെയാണ് കഥ വികസിക്കുന്നത്. സൂപ്പർ താരങ്ങൾ ഇല്ലാതെ തന്നെ മികച്ച ഒരു ചലച്ചിത്രനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കുന്നതിൽ സംവിധായകൻ രാജേഷ് മാധവൻ അഭിനന്ദനം അർഹിക്കുന്നു. കൂടെ ചിത്രത്തിലെ മുഖ്യ കഥാപാത്രമായ സുട്ടു എന്ന നായ ഇതിനോടകം പ്രേക്ഷക പ്രശംസ നേടിയിട്ടുണ്ട്. തിയേറ്റർ റിലീസിന് മുൻപേ തന്നെ പ്രമുഖ OTT പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സ് ചിത്രത്തിന്റെ ഒ ടി ടി അവകാശം സ്വന്തമാക്കിയിട്ടുണ്ടെന്ന പ്രത്യേകതയുമുണ്ട്. ഗോവയിൽ ഗാല പ്രീമിയർ വിഭാഗത്തിൽ, ഒട്ടേറെ അന്തർദേശീയ, രാജ്യാന്തര ചലച്ചിത്രങ്ങളുമായി ഈ വർഷം പ്രദർശിപ്പിച്ച ഒരേയൊരു മലയാള സിനിമ 'പെണ്ണും പൊറാട്ടും' ആയിരിക്കുന്നു. ഈ ഘടകങ്ങളും പെണ്ണും പൊറാട്ടും സിനിമയുടെ ഉന്നത ക്വാളിറ്റിയെ സൂചിപ്പിക്കുന്നത്.

സബിൻ ഊരാളിക്കണ്ടിയുടെ ഛായാഗ്രഹണവും ചമൻ ചാക്കോയുടെ എഡിറ്റിംഗും ഡോൺ വിൻസെന്റ് ഒരുക്കിയ സംഗീതവും പെണ്ണും പൊറാട്ടും സിനിമയുടെ ആസ്വാദന നിലവാരം കൂട്ടുന്നുണ്ട് . മഹേഷിന്റെ പ്രതികാരം, ആൻഡ്രോയിഡ് കുഞ്ഞപ്പൻ, ന്നാ താൻ കേസ് കൊട് തുടങ്ങിയ ജനപ്രിയ സിനിമകളിലൂടെ മലയാള സിനിമയിൽ പുതുമകൾ അവതരിപ്പിച്ച നിർമ്മാതാവ് സന്തോഷ് ടി കുരുവിളയുടെ എസ് ടി കെ ഫ്രെയിംസ് ആണ് ചിത്രം നിർമ്മിക്കുന്നത്. എസ് ടി കെ ഫ്രെയിംസും ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് എന്ന ബാനർ കൂട്ടുകെട്ടിൽ സന്തോഷ് ടി കുരുവിളയോടൊപ്പം ബിനു ജോർജ് അലക്സാണ്ടർ, ഷെറിൻ റേച്ചൽ സന്തോഷ് എന്നിവർ ചേർന്നാണ് ‘പെണ്ണും പൊറാട്ടും’ സിനിമയുടെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്.

YouTube video player