കുശാല്‍ പെരേരയുടെ മികവില്‍ ലങ്ക വിജയിക്കുകയായിരുന്നു

കൊളംബോ: നിദാഹാസ് ട്രോഫി ത്രിരാഷ്ട്ര ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്കെതിരെ ശ്രീലങ്കയ്ക്ക് അഞ്ച് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം. കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗാരംഭിച്ച ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റിന് 174 റണ്‍സെടുത്തിരുന്നു. എന്നാല്‍ അര്‍ദ്ധ സെഞ്ചുറിക്കാരന്‍ കുശാല്‍ പെരേരയുടെയും വാലറ്റത്ത് തിസാര പെരേരയുടെയും മികവില്‍ ശ്രീലങ്ക 18.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യത്തിലെത്തി. ടി20യില്‍ ശ്രീലങ്കക്കെതിരെ തുടര്‍ച്ചയായ ഏഴ് മത്സരങ്ങള്‍ വിജയിച്ച ഇന്ത്യയുടെ പടയോട്ടം ഇതോടെ അവസാനിച്ചു.

മറുപടി ബാറ്റിംഗില്‍ ഓപ്പണര്‍മാരായ ധനുഷ്ക ഗുണതിലകയും കുശാല്‍ മെന്‍ഡിസും ചെറിയ സ്കോറില്‍ പുറത്തായി. 11 റണ്‍സെടുത്ത മെന്‍ഡിസിനെ ഉനദ്കട്ടും ഗുണതിലകയെ വാഷിംഗ്ടണ്‍ സുന്ദറും പുറത്താക്കി. എന്നാല്‍ മൂന്നാമനായെത്തിയ കുശാല്‍ പെരേര ഇന്ത്യന്‍ പ്രതീക്ഷകള്‍ തച്ചുതകര്‍ത്തു. മൂന്നാം ഓവറില്‍ താക്കൂറിനെതിരെ പെരേര അടിച്ചെടുത്തത് 27 റണ്‍സ്. പവര്‍ പ്ലേയില്‍ ലങ്ക അടിച്ചെടുത്തത് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 75 റണ്‍സ്.

എട്ടാം ഓവറിലെ ആദ്യ പന്തില്‍ പെരേര എട്ടാം അര്‍ദ്ധ സെഞ്ചുറി(22 പന്തില്‍) തികച്ചു. പെരേരയ്ക്കൊപ്പം നിലയുറപ്പിക്കാന്‍ ശ്രമിച്ച നായകന്‍ ചന്ദിമലിനെ ഒമ്പതാം ഓവറിലെ അവസാന പന്തില്‍ 14ല്‍ നില്‍ക്കേ ചഹല്‍ പുറത്താക്കിയപ്പോള്‍ ശ്രീലങ്ക 98-3. 9.5 ഓവറില്‍ ശ്രീലങ്ക 100 കടന്നു. അവിടെയും കൂറ്റനടി നിര്‍ത്താന്‍ പെരേര തയ്യാറായില്ല. എന്നാല്‍ 37 പന്തില്‍ 66 റണ്‍സെടുത്ത പെരേരയെ വാഷിംഗ്ടണ്‍ സുന്ദര്‍ മടക്കി ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി. 

പെരേരയെ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക് സ്റ്റംപ് ചെയ്യുകയായിരുന്നു. രണ്ട് ഓവറുകളുടെ ഇടവേളയില്‍ ഉപുല്‍ തരംഗയെ(17) ചഹല്‍ പറഞ്ഞയച്ചതോടെ ഇന്ത്യ മത്സരത്തില്‍ തിരിച്ചെത്തി. അതോടെ ശ്രീലങ്ക 14.4 ഓവറില്‍ അഞ്ച് വിക്കറ്റിന് 136. എന്നാല്‍ അവസാന ഓവറുകളില്‍ തകര്‍പ്പനടികളുമായി തിസാര പെരേരയും ദാസുന്‍ ശനകയും തിളങ്ങിയതോടെ ശ്രീലങ്ക വിജയിച്ചു. തിസാര പെരേര 10 പന്തില്‍ 22 റണ്‍സും ശനക 18 പന്തില്‍ 15 റണ്‍സുമായും പുറത്താകാതെ നിന്നു.

നേരത്തെ തകര്‍ച്ചയോടെ തുടങ്ങിയ ഇന്ത്യ ഓപ്പണ്‍ ശീഖര്‍ ധവാന്‍റെ അര്‍ദ്ധ സെഞ്ചുറിയുടേയും(90) മധ്യനിരയുടെയും കരുത്തില്‍ മികച്ച സ്കോറിലെത്തുകയായിരുന്നു. മധ്യനിരയില്‍ മനീഷ് പാണ്ഡെ(35 പന്തില്‍37), റിഷഭ് പന്ത്(23 പന്തില്‍ 23), ദിനേശ് കാര്‍ത്തിക്(ആറ് പന്തില്‍ 13) എന്നിവര്‍ മികവ് കാട്ടി. ഓപ്പണര്‍ രോഹിത് ശര്‍മ്മ റണ്ണൊന്നുമെടുക്കാതെയും സുരേഷ് റെ‌യ്ന ഒരു റണുമായും പുറത്തായി. ലങ്കയ്ക്കായി ചമീര രണ്ടും പ്രദീപും മെന്‍ഡിസും ഗുണതിലകയും ഓരോ വിക്കറ്റും വീഴ്‌ത്തി.