നാല് ഓവറില്‍ 18 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് ബംഗ്ലാ ബാറ്റ്സ്മാന്‍മാരെ ചഹല്‍ പവലിയനിലേക്ക് മടക്കി
കൊളംബോ: നിദാഹാസ് ട്രോഫി ത്രിരാഷ്ട്ര ടി20 ടൂര്ണമെന്റ് ഫൈനലില് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാ കടുവകളുടെ അന്തകനായത് ഇന്ത്യന് സ്പിന്നര് യുസ്വേന്ദ്ര ചഹല്. നാല് ഓവറില് 18 റണ്സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് ബംഗ്ലാ ബാറ്റ്സ്മാന്മാരെയാണ് ചഹല് പവലിയനിലേക്ക് മടക്കിയത്.
അഞ്ചാം ഓവറിലെ രണ്ടാം പന്തില് 15 റണ്സെടുത്ത ഓപ്പണര് തമീം ഇക്ബാലിനെ പുറത്താക്കി ചഹല് പടയോട്ടം തുടങ്ങി. ബൗണ്ടറിക്കരികില് ഠാക്കൂറിന്റെ തകര്പ്പന് ക്യാച്ചിലായിരുന്നു ബംഗ്ലാദേശ് കൂറ്റനടിക്കാരന്റെ മടക്കം. അതേ ഓവറില് നാല് പന്തകലെ ഒരു റണ്സെടുത്ത സൗമ്യ സര്ക്കാറിനെ ധവാന്റെ കൈകളിലെത്തിച്ച് ചഹല് വീണ്ടും ഞെട്ടിച്ചു.
എന്നാല് നാലാം വിക്കറ്റില് സാബിര് റഹ്മാനും വിക്കറ്റ് കീപ്പര് ബാറ്റ്സ്മാന് മുഷ്ഫിഖര് റഹ്മാനും ചേര്ന്ന് കൂട്ടുകെട്ട് സൃഷ്ടിക്കാന് ശ്രമിച്ചു. അവിടെയും വില്ലനായ ഇന്ത്യന് സ്പിന്നര് 11-ാം ഓവറിലെ ആദ്യ പന്തില് മുഷ്ഫിഖറിനെ(9) വിജയ് ശങ്കറിന്റെ കൈകളിലെത്തിച്ചു. ഇതോടെ 10.1 ഓവറില് 68-4 എന്ന നിലയിലായ ബംഗ്ലാദേശ് പ്രതിരോധത്തിലാവുകയായിരുന്നു.
