ആദ്യ റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാപ്പോള്‍ ഇന്ത്യയും ശ്രീലങ്കയും ബംഗ്ലാദേശും ഓരോ ജയങ്ങള്‍ വീതം നേടി പോയന്റ് പട്ടികയില്‍ തുല്യത പാലിക്കുകയാണ്.

കൊളംബോ: ത്രിരാഷ്ട്ര ട്വന്റി-20യിലെ നിര്‍ണായക പോരാട്ടത്തില്‍ ഇന്ന് ലങ്കയെ നേരിടാനിറങ്ങുന്ന ഇന്ത്യന്‍ ടീമിന് അശുഭവാര്‍ത്ത. മത്സരം നടക്കുന്ന കൊളംബോയില്‍ ഇന്ന് വൈകിട്ടോടെ കനത്ത മഴ പെയ്യുമെന്നാണ് പ്രവചനം. ശ്രീലങ്കന്‍ തീരത്ത് രൂപംകൊണ്ട ന്യൂനമര്‍ദ്ദത്തെത്തുര്‍ന്നാണ് മഴ പെയ്യുമെന്ന കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം.

ആദ്യ റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാപ്പോള്‍ ഇന്ത്യയും ശ്രീലങ്കയും ബംഗ്ലാദേശും ഓരോ ജയങ്ങള്‍ വീതം നേടി പോയന്റ് പട്ടികയില്‍ തുല്യത പാലിക്കുകയാണ്. ഇന്ത്യക്കെതിരെയും ബംഗ്ലാദേശിനെതിരെയും മികച്ച സ്കോര്‍ ഉയര്‍ത്തിയതിനാല്‍ ശ്രീലങ്കയ്ക്ക് നെറ്റ് റണ്‍റേറ്റില്‍ മുന്‍തൂക്കമുണ്ട്. ഇന്ന് ലങ്കക്കെതിരെ ജയിച്ച് പോയന്റ് പട്ടികയില്‍ ഒന്നാമതെത്താമെന്ന ഇന്ത്യന്‍ മോഹങ്ങള്‍ക്ക് മേലാണ് മഴ കരിനിഴല്‍ വീഴ്‌ത്തിയിരിക്കുന്നത്.

രാത്രി ഏഴു മണിയോടെ കനത്ത മഴ പെയ്യുമെന്നാണ് പ്രവചനം. ഒരു മണിക്കൂറോളം മഴ തുടരും. ഇതിനുശേഷം ഇടക്കിടെ മഴപെയ്യുമെന്നും പ്രവചനമുണ്ട്. മഴ പെയ്യാന്‍ സാധ്യത ഉള്ളതിനാല്‍ ടോസ് നിര്‍ണായകമാവും. ടോസ് നേടുന്ന ടീം ബൗളിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യത.ഇതുവരെ കളിച്ച മത്സരങ്ങളിലെല്ലാം രണ്ടാമത് ബാറ്റ് ചെയ്ത ടീമുകളാണ് ജയിച്ചത്.