55 പന്തില്‍ 72 റണ്‍സെടുത്ത് പുറത്താകാതെ നിന്ന മുഷ്ഫിഖുര്‍ റഹീമിന്റെ പോരാട്ടം പാഴായി.

കൊളംബോ: നിദാഹാസ് ട്രോഫി ത്രിരാഷ്ട്ര ട്വന്റി-20യില്‍ ബംഗ്ലാദേശിനെ റണ്‍സിന് തകര്‍ത്ത് ഇന്ത്യ ഫൈനലിലെത്തി. ഇന്ത്യ ഉയര്‍ത്തിയ 177 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിന് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 55 പന്തില്‍ 72 റണ്‍സെടുത്ത് പുറത്താകാതെ നിന്ന മുഷ്ഫിഖുര്‍ റഹീമിന്റെ പോരാട്ടം പാഴായി. സാബിര്‍ റഹ്മാനും തമീം ഇക്ബാലും 27 റണ്‍സ് വീതമെടുത്തു. സ്കോര്‍ ഇന്ത്യ 20 ഓവറില്‍ 20 ഓവറില്‍ 176/3 ബംഗ്ലാദേശ് 20 ഓവറില്‍ 159/6.

40 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായശേഷമായിരുന്നു മുഷ്ഫീഖറിലൂടെ ബ്ലംഗാദേശ് തിരിച്ചടിച്ചത്. നാലോവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത വാഷിംഗ്ടണ്‍ സുന്ദറാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്. ചാഹല്‍ നാലോവറില്‍ 21 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റെടുത്തപ്പോള്‍ നാലോവറില്‍ 50 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്ത മുഹമ്മദ് സിറാജ് നിരാശപ്പെടുത്തി. വെള്ളിയാഴ്ച നടക്കുന്ന ബംഗ്ലാദേശ്-ശ്രീലങ്ക അവസാന ഗ്രൂപ്പ് മത്സരത്തിലെ വിജയിയയുമായിട്ടായിരിക്കും ഇന്ത്യ ഫൈനലില്‍ ഏറ്റുമുട്ടുക. ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് കളിയിലെ കേമന്‍.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ക്രീസിലിറങ്ങിയ ഇന്ത്യയ്ക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും സുരേഷ് റെയ്നയുടെയും തകര്‍പ്പന്‍ ഇന്നിംഗ്സുകളാണ് മികച്ച സ്കോര്‍ ഉറപ്പാക്കിയത്. രോഹിത് 61 പന്തില്‍ റണ്‍സടിച്ചപ്പോള്‍ 89 റണ്‍സടിച്ചപ്പോള്‍ 30 പന്തില്‍ 47 റണ്‍സടിച്ച റെയ്നയും തിളങ്ങി. ധവാന്‍ 27 പന്തില്‍ 35 റണ്‍സെടുത്ത് പുറത്തായി. സ്ലോ പിച്ചില്‍ കരുതലോടെ കളിച്ച ധവാനും രോഹിത്തും ചേര്‍ന്ന് ആദ്യ പത്തോവറില്‍ 70 റണ്‍സ് മാത്രമാണ് അടിച്ചെടുത്തത്. ധവാന്‍ പുറത്തായശേഷം റെയ്നയെ കൂട്ടുപിടിച്ച് സ്കോര്‍ ഉയര്‍ത്തിയ രോഹിത് 42 പന്തിലാണ് അര്‍ധസെഞ്ചുറിയിലെത്തിയത്. ആവസാന നാലോവറില്‍ രോഹിത്തും റെയ്നയും തകര്‍ത്തടിച്ചതോടെയാണ് ഇന്ത്യന്‍ സ്കോര്‍ ഉയര്‍ന്നത്.

സെഞ്ചുറി അടിക്കുമെന്ന് തോന്നിച്ചെങ്കിലും അവസാന ഓവറില്‍ രോഹിത്തിന് കാര്യമായി സ്കോര്‍ ചെയ്യാനായില്ല. അവസാന പന്തില്‍ റണ്ണൗട്ടായാണ് രോഹിത് പുറത്തായത്. അഞ്ച് സിക്സറും അഞ്ച് ബൗണ്ടറിയും അടക്കമാണ് രോഹിത്ത് 89 റണ്‍സടിച്ചത്. 30 പന്തില്‍ 47 റണ്‍സടിച്ച റെയ്ന അഞ്ച് ബൗണ്ടറിയും രണ്ട് സിക്സറും പറത്തി.