തിരുവനന്തപുരം: പരിശീലനത്തിനായി ഉപകരണങ്ങളും അടിസ്ഥാന സൗകര്യവും ഇല്ലാത്ത ഗതികേടിലാണ് തിരുവനന്തപുരം ജിവി രാജ സ്പോർട്സ് സ്കൂള്‍.മത്സരങ്ങള്‍ക്ക് പോകാനുള്ള സ്കൂള്‍ വാന്‍ ഓടണമെങ്കില്‍ കുട്ടികള്‍ പിരിവെടുത്ത് ഡീസൽ അടിക്കണം. സ്പോര്‍ട്സ് കിറ്റ് പോലും താരങ്ങള്‍ വാങ്ങുന്നത് സ്വന്തമായി കാശ് മുടക്കി. ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം.

അത്‌ലറ്റിക്സ്, ഫുട്ബോൾ, വോളിബോൾ, ബാസ്കറ്റ് ബോൾ, ക്രിക്കറ്റ്. എല്ലാം പരിശീലിക്കേണ്ടത് ഈ ഇത്തിരിവട്ടത്തിലാണ്. വിശാലമായ മൈതാനമാണ് ട്രാക്ക്. പരിക്കുപറ്റി വീട്ടിലിരിക്കേണ്ടി വരുമെന്ന് പേടിച്ചുവേണം പരിശീലനത്തിന് കളത്തിലിറങ്ങാൻ. കല്ലും പാറയും കരിങ്കൽ ചീളുമൊക്കെയാണ് ട്രാക്കിൽ.സിന്തറ്റിക് ട്രാക് സ്വപ്നത്തിൽ മാത്രം.

ഹൈജംപ്, പോൾവോൾട്ട് താരങ്ങളുടെ സ്ഥിതിയും കഷ്ടം. രണ്ട് കൂട്ടർക്കും പരിശീലിക്കാൻ ഉള്ളത് ഒരു മാറ്റ്. അതുതന്നെ കാലപ്പഴക്കം കൊണ്ട് പിഞ്ഞിക്കീറി. മാറ്റിന് 5 മീറ്റ‍ർ നീളം വേണ്ടിടത്ത്, ഇവിടെ മൂന്ന് മീറ്റർ മാത്രം.ഫുട്ബോൾ, വോളിബോൾ താരങ്ങൾക്കുമുണ്ട് പരാധീനതകൾ ഏറെ. ബൂട്ടില്ല, ജഴ്സിയില്ല, എന്തിന്, പരിശീലനത്തിന് ആവശ്യത്തിന് പന്തുപോലും ഇവിടെയില്ല.