പിങ്ക് പന്തിലെ മത്സരങ്ങളില്‍ നിന്ന് ബിസിസിഐ പിന്‍മാറി
മുംബൈ: പകല്-രാത്രി ടെസ്റ്റിനോട് വീണ്ടും മുഖംതിരിച്ച് ബിസിസിഐ. ഓസ്ട്രേലിയ, വീന്ഡീസ് ടീമുകളുമായി നടക്കേണ്ടിയിരുന്ന ഇന്ത്യയുടെ പകല്-രാത്രി ടെസ്റ്റ് മത്സരങ്ങള് ബിസിസിഐ ഉപേക്ഷിച്ചു. പകല്-രാത്രി ടെസ്റ്റ് മത്സരങ്ങളെ കുറിച്ച് ആശങ്ക പങ്കുവെച്ച് നേരത്തെ നായകന് വിരാട് കോലി രംഗത്തെത്തിയിരുന്നു. ഇന്ത്യ ഇതുവരെ പിങ്ക് പന്തില് ഒരു പ്രദര്ശന മത്സരം പോലും കളിച്ചിട്ടില്ല എന്നതായിരുന്നു കോലിയുടെ ആശങ്കയ്ക്ക് അടിസ്ഥാനം.
ഒക്ടോബറില് നടക്കേണ്ട വിന്ഡീസിന്റെ ഇന്ത്യന് പര്യടനത്തിലാണ് നീലപ്പടയുടെ ആദ്യ പകല്-രാത്രി മത്സരം നടത്താന് തീരുമാനിച്ചിരുന്നത്. രാജ്കോട്ടിനെ ഇതിന് വേദിയായി പരിഗണിച്ചിരുന്നു. വര്ഷാവസാനം നടക്കുന്ന ഓസീസ് പര്യടനത്തിലെ ആദ്യ ടെസ്റ്റിലും പിങ്ക് പന്ത് ഉപയോഗിക്കുമെന്നും നേരത്തെ റിപ്പോര്ട്ടുകള് പുറത്തുവന്നിരുന്നു. ഡേ-നൈറ്റ് ടെസ്റ്റുമായി ബന്ധപ്പെട്ട ആശങ്കകള് പരിഹരിക്കാതെ മത്സരങ്ങള്ക്കില്ല എന്ന നിലപാടിലാണ് ബിസിസിഐ.
പകല്-രാത്രി മത്സരങ്ങള് സ്പിന്നര്മാരുടെ ആനുകൂല്യം കുറയ്ക്കുമെന്ന വിലയിരുത്തലിലാണ് ബിസിസിഐയുടെ പിന്മാറ്റം എന്നും റിപ്പോര്ട്ടുകളുണ്ട്. ബിസിസിഐ തീരുമാനത്തോട് ഐസിസിക്ക് അനുകൂല നിലപാടല്ല എന്നും റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നു. ടെസ്റ്റ് ക്രിക്കറ്റിന്റെ പ്രതാപം വീണ്ടെടുക്കാനും സ്റ്റേഡിയത്തിലേക്ക് കാണികളെ തിരികെയെത്തിക്കാനുമാണ് പകല്-രാത്രി ടെസ്റ്റ് മത്സരങ്ങള്ക്ക് ഐസിസി തുടക്കമിട്ടത്.
