മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി രവി ശാസ്ത്രിയെ നിയോഗിച്ചുവെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ബിസിസിഐ. ഇന്ത്യന്‍ ടീമിന്റെ പരിശീലകനെ സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് ബിസിസിഐ സെക്രട്ടറി അമിതാഭ് ചൗധരി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഇന്ത്യന്‍ ടീം പരിശീലകനായി രവി ശാസ്ത്രിയെ തെരഞ്ഞെടുത്തുവെന്ന് നേരത്തെ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കോച്ചിന്റെ കാര്യത്തില്‍ ബിസിസിഐ ഉപദേശക സമിതി അംഗങ്ങള്‍ തമ്മില്‍ ചര്‍ച്ചകള്‍ തുടരുകയാണെന്നും അമിതാഭ് ചൗധരി പറഞ്ഞു. ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്നും ചൗധരി പറഞ്ഞു.തിങ്കളാഴ്ച ചേര്‍ന്ന ബിസിസിഐ ഉപദേശക സമിതി യോഗമാണ് ഇന്ത്യന്‍ ടീമിന്റെ പുതിയ പരിശീലകനായുള്ള അഭിമുഖം നടത്തിയത്.

മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന അഭിമുഖത്തില്‍ ഉപദേശക സമിതി അംഗങ്ങളായ സൗരവ് ഗാംഗുലിയും ലക്ഷ്മണും നേരിട്ട് പങ്കെടുത്തപ്പോള്‍ ലണ്ടനിലുള്ള സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് അഭിമുഖത്തില്‍ പങ്കെടുത്തത്.

ശാസ്‌ത്രിക്ക് പുറമെ വീരേന്ദര്‍ സെവാഗ്, ടോം മൂഡി, റിച്ചാര്‍ഡ് പൈബസ്, ലാല്‍ചന്ദ് രജ്പുത് എന്നിവരുമായാണ് ഉപദേശകസമിതി ഇന്നലെ കൂടിക്കാഴ്ച നടത്തിയത്. കഴിഞ്ഞവര്‍ഷം രവി ശാസ്‌ത്രിയെ തഴഞ്ഞാണ് ഉപദേശക സമിതി അനില്‍ കുംബ്ലെയെ പരിശീലകനായി തെരഞ്ഞെടുത്തത്.