ഇന്ത്യൻ ഇന്നിങ്സ് 15 ഓവർ പിന്നിടുമ്പോള്‍ തന്നെ അഭിഷേക് - സഞ്ജു - ഇഷാൻ ത്രയം ന്യൂസിലൻഡിനെ നിഷ്പ്രഭമാക്കിയിരുന്നു
അഹമ്മദാബാദിലെ ഒരുലക്ഷം കണ്ണുകള്‍ക്ക് അറിയില്ലായിരുന്നു അവര്‍ സാക്ഷ്യം വഹിക്കാൻ പോകുന്നത് എന്തായിരിക്കുമെന്ന്. പന്തെടുത്തവരെല്ലാം എരിഞ്ഞടങ്ങിയ ഒരു മണിക്കൂറും 43 മിനുറ്റും. ആ മൈതാനം ഒരു ശവപ്പറമ്പാകുകയായിരുന്നു. അല്ല ആ മൂന്നംഗ സംഘം ബൗളര്‍മാരുടെ ഒരു ശവപ്പറമ്പ് സൃഷ്ടിക്കുകയായിരുന്നു. സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, ഇഷാൻ കിഷൻ.
മാറ്റ് ഹെൻറിയുടെ ആദ്യ നാല് പന്തുകള്‍ പിന്നിട്ടിരിക്കുന്നു. ഇന്ത്യയുടെ സ്കോര്‍ബോര്‍ഡ് നിശബ്ദമാണ്. തന്റെ സ്വഭാവികചേതനകളെ അടക്കിവെച്ച് സഞ്ജു സാംസണ്‍ നിരന്തരം പ്രതിരോധം തീര്‍ക്കുന്നു. ഗ്യാലറികള്‍ക്ക് പരിചിതമല്ലാത്തൊരു കാഴ്ച. അഞ്ചാം പന്ത്, അന്തരീക്ഷത്തില്‍ തളം കെട്ടി നിന്ന നവംബര്‍ 19ന്റെ ഓര്‍മകളും സമ്മര്‍ദവും അയാള്‍ പൊട്ടിച്ചെറിയുകയാണ്. ഹെൻറിയുടെ ലെങ്ത് ബോള്‍ വിശ്രമം കണ്ടെത്തുന്നു, ലോങ് ഓണിനപ്പുറം.
രണ്ടാം ഓവറില്‍ ഓഫ് സ്പിന്നറായ ഗ്ലെൻ ഫിലിപ്‌സ്. ടൂര്‍ണമെന്റിലെ തന്റെ ദൗര്‍ബല്യത്തിന് മുന്നില്‍ ഒരിക്കല്‍ക്കൂടി അഭിഷേക് ശര്‍മ. അയാള്‍ക്കിന്ന് നിലയുറപ്പിച്ചെ മതിയാകു. അപൂര്‍വമായ മറ്റൊരു നിമിഷം. ഫിലിപ്‌സിന്റെ മൂന്നാം പന്തില്‍ അഭിഷേകിന്റെ ഒരു ഫോര്‍വേര്‍ഡ് ഡിഫൻസ്, ശേഷം സിംഗിളെടുത്ത് സഞ്ജുവിന് സ്ട്രൈക്ക് കൈമാറുന്നു. അഗ്രസീവ് ക്രിക്കറ്റിന്റെ അപ്പോസ്തലന്മാര്‍ അതിന്റെ കണികപോലുമില്ലാതെ രണ്ട് ഓവര്‍ അവസാനിപ്പിച്ചു, 12 റണ്‍സ് മാത്രം, റണ്‍റേറ്റ് ആറ്.
ഈഡൻ ഗാർഡൻസും വാംഖഡയുമല്ല, അഹമ്മദാബാദ് അത് പുതിയൊരു അധ്യായമാണ്. ഇരുവരുടേയും കരിയറിലെ ഏറ്റവും നിർണായകമായത്.
ന്യൂസിലൻഡ് താരങ്ങളുടെ ആത്മവിശ്വാസത്തിന്റെ ആയുസ് ഇവിടെ അവസാനിക്കുകയാണ്. മൂന്നാം ഓവറില്‍ കലാശപ്പോരിന്റെ യഥാര്‍ത്ഥ ആരംഭം. Ahammadabad was going to witness what abhishek and sanju are know for. ജേക്കബ് ഡഫി, കോള്‍ മക്കോംഗിക്ക് പകരം ഇലവനിലേക്ക് മടങ്ങിയെത്തിയ താരം. മിഡ് ഓണും മിഡ് ഓഫും മറികടന്ന് രണ്ട് ബൗണ്ടറികളോടെ അഭിഷേക് തുടങ്ങി, ഡഫിയുടെ തലയ്ക്ക് മുകളിലൂടെ വെടിയുണ്ട കണക്കിന് സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് പന്ത് പാഞ്ഞു, 15 റണ്‍സിലാണ് ഓവർ അവസാനിക്കുന്നത്.
സഞ്ജുവിനും അഭിഷേകിനുമായി തന്ത്രങ്ങള്‍ മെനഞ്ഞെത്തിയ ന്യൂസിലൻഡ് ബൗളര്‍മാര്‍ മൈതാനത്ത് നിഷപ്രഭമാകുകയായിരുന്നു. ടൂര്‍ണമെന്റിലുടനീളം റണ്‍വരള്‍ച്ച നേരിട്ട അഭിഷേക് വിശ്വരൂപം പുറത്തെടുത്തു. കിവി ബൗളര്‍മാര്‍ സമ്മര്‍ദത്തിലേക്ക് വീണുകഴിഞ്ഞിരുന്നു അപ്പോഴേക്കും, ലോക്കി ഫെര്‍ഗൂസണും മാറ്റ് ഹെൻറിയും ലൈനും ലെങ്തും കണ്ടെത്താനാകാതെ ഉഴലുകയായിരുന്നു. നാല്, അഞ്ച് ഓവറുകളിലായി 19 പന്തുകള്‍ ഇരുവരും എറിഞ്ഞു.
പവര്‍പ്ലേയുടെ അവാസന ഓവറുകളില്‍ അഭിഷേകിനേയി സാന്റനര്‍ ഓഫ് സൈഡില്‍ വലവിരിച്ചു, പക്ഷേ സഞ്ജു അഭിഷേകിന് ഒപ്പം നിന്നു, നിരന്തരം ഉപദേശങ്ങള്‍ നല്‍കി. ന്യൂസിലൻഡിന്റെ ആ തന്ത്രങ്ങള്‍ക്ക് ബൗണ്ടറികളിലൂടെയായിരുന്നു അഭിഷേകിന്റെ മറുപടി. 18 പന്തില്‍, ലോകകപ്പ് ഫൈനലില്‍ അര്‍ദ്ധ സെഞ്ചുറി. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ ഇന്ത്യൻ സ്കോര്‍ 92, അവസാന നാല് ഓവറില്‍ 80 റണ്‍സ്, ദയ കാണിച്ചില്ല അഭിഷേകും സഞ്ജുവും.
ഫൈനല്‍ വരെ ടൂര്‍ണമെന്റില്‍ ന്യൂസിലൻഡ് ബൗളര്‍മാര്‍ 20 റണ്‍സ് വഴങ്ങിയ ഓവറുകള്‍ മൂന്ന് എണ്ണം മാത്രമായിരുന്നു. പക്ഷ, ആദ്യ ആറ് ഓവറില്‍ തന്നെ മൂന്ന് തവണ സഞ്ജുവും അഭിഷേകും ചേര്‍ന്ന് 20 റണ്‍സിന് മുകളില്‍ സ്കോര്‍ബോര്‍ഡിലേക്ക് ചേര്‍ത്തു. ടൂര്‍ണമെന്റിലാദ്യമായി ഇന്ത്യയുടെ ഓപ്പണിങ് സഖ്യം പവര്‍പ്ലേ താണ്ടി. അഭിഷേകിന് പൂര്‍ണ പിന്തുണ നല്‍കി സഞ്ജു രണ്ടാമനായി നിലകൊണ്ടു, മത്സരത്തിന് അനിവാര്യമായിരുന്നത്.
98 റണ്‍സിലാണ് ഒന്നാം വിക്കറ്റ് അവസാനിക്കുന്നത്. 21 പന്തില്‍ 52 റണ്‍സുമായി അഭിഷേക് തന്റെ റോള്‍ ഭംഗിയാക്കി. അഭിഷേക് നിര്‍ത്തിയിടത്തുനിന്ന് ഇഷാൻ തുടങ്ങുകയായിരുന്നു. അഭിഷേകിനെ മടക്കിയ രചിൻ രണ്ട് ബൗണ്ടറികള്‍ സമ്മാനിച്ചായിരുന്നു രണ്ടാം ഘട്ട കാര്‍ണേജിന് തിരികൊളുത്തിയത്. മിച്ചല്‍ സാന്റനറിനെ സഞ്ജു കരുതലോടെ നേരിട്ടെങ്കില്‍ ഇഷാൻ അങ്ങനെയായിരുന്നില്ല. പത്ത് ഓവറില്‍ ഇന്ത്യ 127-1 എന്ന നിലയിലെത്തി.
സഞ്ജു അര്‍ദ്ധ സെഞ്ചുറി പിന്നട്ടതോടെയായിരുന്നു ഇന്ത്യ സമ്പൂര്‍ണമായൊരു അറ്റാക്കിലേക്ക് കടന്നത്. ലോക്കി ഫെര്‍ഗൂസണ്‍ മടങ്ങിയെത്തിയ ഓവറില്‍ സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് രണ്ട് സിക്സും ഒരു ഫോറും, ഇഷാന്റെ സംഭാവന ഒരു സിക്സ്, ഓവറില്‍ പിറന്നത് 24 റണ്‍സ്. 14-ാം ഓവറില്‍ രചിനെതിരെ സഞ്ജുവിന്റെ തുടരെ മൂന്ന് സിക്‌സ്, ഓവറില്‍ 20 റണ്‍സ്. 15-ാം ഓവറില്‍ സാന്റനറിനെ ഇഷാൻ വരവേറ്റതും അവസാനിപ്പിതും സിക്‌സിലും ഫോറിലും. 23 പന്തില്‍ അര്‍ദ്ധ സെഞ്ചുറി. 15 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യ 203-1.
ഒന്നേകാല്‍ മണിക്കൂര്‍ നീണ്ട, അഹമ്മബാദാബാദിലെ ഗ്യാലറികളില്‍ തീകൊരിയിട്ട മൂന്ന് ഇന്നിങ്സുകള്‍ക്ക്. 16-ാം ഓവറില്‍ ജിമ്മി നീഷം മാജിക്കില്‍ ഒരു ഇടവേള സംഭവിക്കുന്നു. സഞ്ജു 46 പന്തില്‍ 89, ഇഷാൻ 25 പന്തില്‍ 54, അഭിഷേക് 21 പന്തില്‍ 52. മൂവരിലൊരാള്‍ ക്രീസില്‍ നിലകൊണ്ടപ്പോള്‍ ഇന്ത്യയുടെ റണ്‍റേറ്റ് 13.5 ആയിരുന്നു. ശേഷം പത്ത് മാത്രം.
മൂന്ന് റിഡംഷനുകള്‍. ഇന്ത്യൻ ടീമില്‍ നിന്ന് പുറന്തള്ളപ്പെട്ട ഇഷാൻ കിഷൻ. ടീമിലുണ്ടായിട്ടും പ്ലേയിങ് ഇലവന് പുറത്തിരിക്കേണ്ടി വന്ന സഞ്ജു. ലോക ഒന്നാം നമ്പര്‍ ബാറ്റര്‍ ആയിരുന്നിട്ടും നിരാശപ്പെടേണ്ടി വന്ന അഭിഷേക്. മൂവരും ഒരു ദിവസം തിരഞ്ഞെടുത്തു, ഫൈനല്‍. ന്യൂസിലൻഡിന്റെ വിദൂരസ്വപ്നങ്ങളില്‍ നിന്ന് പോലും കിരീടത്തെ അപ്രത്യക്ഷമാക്കിയാണ് അവര്‍ ഡഗൗട്ടിലേക്ക് മടങ്ങിയത്. ചരിത്രം.
Powered by:

