തിരുവനന്തപുരം: ഷൂ ഇല്ലാത്തതിന്റെ പേരില്‍ സംസ്ഥാന സീനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ അവസരം നിഷേധിക്കപ്പെട്ട് യുവ താരം. തിരുവനന്തപുരം സ്വദേശി സജീവിനാണ് മത്സരം തുടങ്ങാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പിന്‍വാങ്ങേണ്ടിവന്നത്. വാര്‍ക്കപ്പണി ജോലി ചെയ്യുന്ന സജീവ് ജില്ലാ തലത്തില്‍ കാഴ്ചവെച്ചത് മിന്നുപ്രകടനം.

ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ സംസ്ഥാന സീനിയര്‍ അത്‌ലറ്റിക് മീറ്റ് പൊടിപൊടിക്കുന്നു. കാണികള്‍ക്കിടയില്‍നിന്നാണ് ഞങ്ങള്‍ സജീവിനെ തിരിച്ചറിയുന്നത്. പതിനായിരം മീറ്ററില്‍ കുതിച്ചുപായേണ്ട സജീവിന് എന്താണ് പറ്റിയത്. ഇന്നലെ 5000 മീറ്റര്‍ ഓടിയത് കടംവാങ്ങിയ ഷൂസ് ഇട്ട്. അത് മഴനനഞ്ഞ് കുതിര്‍ന്നതോടെ സജീവ് 1000 മീറ്ററില്‍ കാഴ്ചക്കാരനായി. സിന്തറ്റിക്ക് ട്രാക്കില്‍ ഷൂ ഇല്ലാതെ ഓടാന്‍ പറ്റില്ലെന്ന് സംഘടാകര്‍ നിലപാടെടുത്തതോടെ രണ്ട് ദിവസത്തെ കൂലിപ്പണി കളഞ്ഞെത്തിയ സജീവിന് വേറെ വഴിയില്ലാതായി.

വെഞ്ഞാറമൂട് സ്വദേശിയായ സജീവ് വാര്‍ക്കപ്പണി ചെയ്താണ് കുടുംബം പോറ്റുന്നത്. ചെറുപ്പം മുതല്‍ ദീ‍ര്‍ഘദൂര ഓട്ടത്തോട് കമ്പമുണ്ട്. ജില്ലാ മത്സരങ്ങളിലും കേരളോത്സവങ്ങളിലുമെല്ലാം കാഴ്ചവെച്ചത് മികച്ച പ്രകടനം . അവസരം നഷ്‌ടമാകുമ്പോഴും സജീവിന് വാനോളം സ്വപ്നങ്ങളുണ്ട്. പക്ഷെ ആരെങ്കിലും ഒരു കൈ സഹായിക്കാതെ പറ്റില്ല.