ബംഗലൂരു: ഐപിഎല്‍ താരലേലത്തില്‍ ഇന്ത്യന്‍ ആരാധകര്‍ ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കിയ ഒരു പേരാണ് ഇര്‍ഫാന്‍ പത്താന്റേത്. താരലേലത്തിന്റെ ആദ്യ ദിനം യൂസഫ് പത്താനെ 1.90 കോടി നല്‍കി സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമിലെടുത്തപ്പോഴും ഇര്‍ഫാന്റെ കാര്യമായിരുന്നു ആരാധകര്‍ക്ക് അറിയേണ്ടിയിരുന്നത്. രണ്ടാം ദിനം താരലേലം പൂര്‍ത്തിയായപ്പോള്‍ ഇര്‍ഫാന്‍ പത്താനെ ആരും ടീമിലെടുത്തില്ല. 50 ലക്ഷം രൂപയായിരുന്നു ഇര്‍ഫാന്റെ അടിസ്ഥാന വില.
ഒരുകാലത്ത് ഐപിഎല്‍ താരലേലത്തില്‍ തരംഗം തീര്‍ത്തവരായിരുന്നു ചേട്ടന്‍ പത്താനും അനിയന്‍ പത്താനും. എന്നാല്‍ രണ്ടുവര്‍ഷം മുമ്പ് ചെന്നൈ ടീമില്‍ കളിച്ച ഇര്‍ഫാന് കളിക്കാന്‍ അവസരം നല്‍കാതിരുന്ന നടപടി നിരവധി വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇര്‍ഫാനെ പോലൊരു താരത്തെ സൈഡ് ബെഞ്ചിലിരുത്തിയ ധോണിയുടെ നടപടിയെ ആരാധകര്‍ ചോദ്യം ചെയ്തിരുന്നു.
കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്സിനുവേണ്ടി കളിച്ചെങ്കിലും പത്താന് കാര്യമായി അവസരങ്ങള്‍ ലഭിച്ചില്ല. അവസരം ലഭിച്ചപ്പോഴാകട്ടെ പത്താന് കാര്യമായി തിളങ്ങാനുമായില്ല. പരിക്കും ഫോമില്ലായ്മയും ബൗളിംഗ് ആക്ഷനിലെ മാറ്റവും ടീമിലെ റോള്‍ സംബന്ധിച്ച അവ്യക്തതയുമെല്ലാം ഇര്‍ഫാന്റെ ദേശീയ ടീമിലെ കരിയര്‍ അവസാനിപ്പിക്കാന്‍ കാരണമായിരുന്നു. ഇത്തവണ ആര്‍ക്കും വേണ്ടാതായതോടെ ഐപിഎല്ലിലും ഇര്‍ഫാന്‍ പത്താന്‍ യുഗത്തിന് അവസാനമായിരിക്കുന്നു.
