ഐപിഎല്‍ 2026-ന് മുന്നോടിയായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പേസര്‍ ഹര്‍ഷിത് റാണയ്ക്ക് പരിക്ക്. ബിസിസിഐ അവാര്‍ഡ് ചടങ്ങിന് ക്രച്ചസ്സില്‍ എത്തിയ താരത്തിന് അടുത്തിടെ കാല്‍മുട്ടിന് ശസ്ത്രക്രിയ കഴിഞ്ഞിരുന്നു.
മുംബൈ: ഐപിഎല്‍ 2026 ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വന്‍ തിരിച്ചടിയായി പേസര്‍ ഹര്‍ഷിത് റാണയുടെ പരിക്ക്. മുംബൈയില്‍ നടന്ന ബിസിസിഐ 'നമന്‍' അവാര്‍ഡ് ചടങ്ങില്‍ ക്രച്ചസ്സിന്റെ സഹായത്തോടെ ഹര്‍ഷിത് എത്തിയതാണ് ആരാധകരെയും ടീം മാനേജ്മെന്റിനെയും ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. മികച്ച അന്താരാഷ്ട്ര അരങ്ങേറ്റ താരത്തിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങാന്‍ ഹര്‍ഷിതിന് വേദിയിലേക്ക് നടന്നു കയറാന്‍ സാധിച്ചില്ല.
തുടര്‍ന്ന് ഐപിഎല്‍ ചെയര്‍മാന്‍ അരുണ്‍ ധുമല്‍ വേദിയില്‍ നിന്ന് താഴേക്ക് ഇറങ്ങിവന്നാണ് താരത്തിന് പുരസ്‌കാരം കൈമാറിയത്. ഹര്‍ഷിത് ക്രച്ചസ്സില്‍ എത്തിയതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അതിവേഗം പ്രചരിക്കുകയാണ്. വീഡിയോ...
ഈ വര്‍ഷം നടന്ന ടി20 ലോകകപ്പിന് മുന്നോടിയായുള്ള പരിശീലന മത്സരത്തിനിടെയാണ് ഹര്‍ഷിതിന് പരിക്കേറ്റത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിനിടെ ഉണ്ടായ കാല്‍മുട്ടിലെ പരിക്ക് താരത്തിന് ലോകകപ്പ് തന്നെ നഷ്ടപ്പെടുത്തിയിരുന്നു. പകരക്കാരനായാണ് മുഹമ്മദ് സിറാജ് ലോകകപ്പ് ടീമില്‍ എത്തിയത്. പരിക്കിനെത്തുടര്‍ന്ന് ഫെബ്രുവരി 9ന് മുംബൈയില്‍ വെച്ച് താരം ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം പൂര്‍ണ്ണ ആരോഗ്യവാനായി തിരിച്ചെത്താന്‍ രണ്ടോ മൂന്നോ മാസമെങ്കിലും സമയമെടുക്കും.
ശസ്ത്രക്രിയ വിജയകരമായിരുന്നുവെങ്കിലും, നിലവിലെ സാഹചര്യം വെച്ച് ഐപിഎല്‍ 2026-ന്റെ ആദ്യ ഘട്ടമെങ്കിലും താരത്തിന് നഷ്ടമാകാനാണ് സാധ്യത. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി മികച്ച പ്രകടനം നടത്തിയ ഹര്‍ഷിതിന്റെ അഭാവം ടീമിന്റെ ബൗളിംഗ് കരുത്തിനെ ബാധിച്ചേക്കാം.

