പൂനെ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജയത്തോടെ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് രണ്ടാം സ്ഥാനത്തേക്ക് മുന്നേറി. ഇന്ന് പൂനെ സിറ്റി എഫ്‌സിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. പൂനെയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഒഗ്‌ബെഷേ, യുവാന്‍ ക്രൂസ് മസ്‌കിയ എന്നിവരാണ് നോര്‍ത്ത് ഈസ്റ്റിന്റെ ഗോള്‍ നേടിയത്. പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ് പൂനെ. 

23ാം മിനിറ്റില്‍ ഒഗ്‌ബെഷേയിലൂടെ മുന്നിലെത്തി. പിന്നീടുള്ള സമയങ്ങളില്‍ നോര്‍ത്ത് ഈസ്റ്റിനെ പ്രതിരോധിക്കാല്‍ പൂനെയ്ക്ക് സാധിച്ചു. നോര്‍ത്ത് ഈസ്റ്റാവട്ടെ സ്വന്തം ഗോള്‍ വല കുലുങ്ങാതേയും കാത്തു. ഇഞ്ചുറി സമയത്തായിരുന്നു രണ്ടാം ഗോള്‍. പെനാല്‍റ്റിയില്‍ നിന്ന് മസ്‌കിയ ഗോളാക്കി മാറ്റുകയായിരുന്നു. 

ഇതോെട ഒമ്പത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ പൂനെയുടെ അക്കൗണ്ടില്‍ അഞ്ച് തോല്‍വികളായി. അവസരങ്ങള്‍ മുതലാക്കാതെ പോയതാണ് പൂനെയ്ക്ക് വിനയായത്. അവര്‍ 16 ഷോട്ടുകള്‍ തൊടുത്തെങ്കിലും നാലെണ്ണം മാത്രമാണ് ലക്ഷ്യത്തിലേക്ക് പാഞ്ഞത്. എട്ട് മത്സരങ്ങളില്‍ 17 പോയിന്റാണ് നോര്‍ത്ത് ഈസ്റ്റിനുള്ളത്. അഞ്ച് പോയിന്റ് മാത്രമാണ് പൂനെയ്ക്ക്.