ഗോഹട്ടി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നോര്‍ത്ത് ഈസ്റ്റ്  യുനൈറ്റഡിന് ആദ്യ പരാജയം. സ്വന്തം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ മുംബൈ സിറ്റി എഫ്‌സി എതിരില്ലാത്ത ഒരു ഗോളിന് നോര്‍ത്ത് ഈസ്റ്റിനെ മറികടന്നു. മത്സരത്തിന്റെ ആറാം മിനിറ്റില്‍ അര്‍ണോള്‍ഡ് ഇസോകോ നേടിയ ഗോളിനാിയിരുന്നു മുംബൈയുടെ വിജയം. വിജയിച്ചിരുന്നെങ്കില്‍ നോര്‍ത്ത് ഈസ്റ്റിന് ഒന്നാം സ്ഥാനത്തേക്ക് കയറാമായിരുന്നു. നിലവില്‍ അഞ്ചാം സ്ഥാനത്താണവര്‍. മുംബൈ മൂന്നാമതുണ്ട്. 

മക്കാഡോയുടെ ക്രോസില്‍ നിന്ന് ആയിരുന്നു ഇസോകോയുടെ ഗോള്‍. ക്രോസ് ഇസോകോയുടെ നെഞ്ചില്‍ തട്ടി നോര്‍ത്ത് ഈസ്റ്റിന്റെ ഗോളി പവന്‍ കുമാറിന്റെ കൈയിലേക്ക് പോയി. പക്ഷെ പവന്‍ കുമാര്‍ പന്തും പിടിച്ച ഗോള്‍ ലൈന്‍ കടന്നു എന്ന് റഫറി വിധിക്കുകയായിരുന്നു. ഗോള്‍ ഒഴിച്ചാല്‍ കളിയില്‍ മുഴുവന്‍ ആധിപത്യം നോര്‍ത്ത് ഈസ്റ്റിനായിരുന്നു. 

നോര്‍ത്ത് ഈസ്റ്റിന്റെ സ്റ്റാര്‍ സ്‌ട്രൈക്കറും ക്യാപ്റ്റനുമായ ഒഗ്‌ബെചെയുടെ ഇന്നത്തെ പ്രകടനം മോശമായതും ഹോം ടീമിന് വിനയായി. ഗോളെന്ന് ഉറച്ച അവസരം വരെ ഒഗ്‌ബെചെക്ക് ലക്ഷ്യത്തില്‍ എത്തിക്കാന്‍ ആയില്ല. ഇന്നത്തെ ജയം മുംബൈ സിറ്റിയുടെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്.