പഴയ പ്രൗഢിയുടെ നിഴല്‍ മാത്രമായി ഒതുങ്ങിയ എടികെയ്ക്കെതിരെ കളിയില്‍ വ്യക്തമായ മേധാവിത്വം പുലര്‍ത്താന്‍ നോര്‍ത്ത് ഈസ്റ്റിന് സാധിച്ചെങ്കിലും കളി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കും വരെ ഗോള്‍ നേടാന്‍ ഷാറ്റോറിയുടെ ടീമിന് കഴിഞ്ഞില്ല
കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്ബോളിന്‍റെ ഈറ്റില്ലമെന്ന് വിശേഷണമുള്ള കൊല്‍ക്കത്തന്‍ നഗരത്തിന്‍റെ പ്രൗഢി പേറുന്ന എടികെയ്ക്ക് ഐഎസ്എലില്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വി. സ്വന്തം കാണികള്‍ക്ക് മുന്നില്‍ രണ്ടാം മത്സരത്തിനിറങ്ങിയ എടികയെ നോര്‍ത്ത് ഈസ്റ്റ് യുണെെറ്റഡ് എതിരില്ലാത്ത ഏക ഗോളുകള്‍ക്കാണ് പത്തിമടക്കിപ്പിച്ചത്.
ആദ്യ പകുതിയുടെ 32-ാം മിനിറ്റില്‍ സേന റാല്‍തേ ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്ത് പോയത് മുതല്‍ കളത്തില്‍ തകര്‍ന്ന കൊല്‍ക്കത്തയെ റൗളിന്‍ ബോര്‍ജസ് 89-ാം മിനിറ്റില്‍ നേടിയ ഗോളിനാണ് വടക്കന്‍ ടീം മറികടന്നത്.
പഴയ പ്രൗഢിയുടെ നിഴല്‍ മാത്രമായി ഒതുങ്ങിയ എടികെയ്ക്കെതിരെ കളിയില്‍ വ്യക്തമായ മേധാവിത്വം പുലര്‍ത്താന്‍ നോര്‍ത്ത് ഈസ്റ്റിന് സാധിച്ചെങ്കിലും കളി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കും വരെ ഗോള്‍ നേടാന്‍ ഷാറ്റോറിയുടെ ടീമിന് കഴിഞ്ഞില്ല.
എവര്‍ട്ടണ്‍ സാന്‍റോസും ബല്‍വന്ത് സിംഗിനെയും അണിനിരത്തി സ്റ്റീവ് കോപ്പല്‍ ഇത്തവണയും മുന്നേറ്റ നിരയെ ശക്തിപ്പെടുത്തി ഇറക്കിയെങ്കിലും സീസണിലെ രണ്ടാം പോരാട്ടത്തിലും ഗോള്‍ നേടാന്‍ എടികെയ്ക്ക് സാധിച്ചില്ല. കളിയുടെ തുടക്കം മുതല്‍ നോര്‍ത്ത് ഈസ്റ്റ് എടികെ തളര്‍ത്തുന്ന തരത്തില്‍ ആക്രമണം നടത്തി.
ഗലേഗോയുടെ മികച്ച നീക്കങ്ങളാണ് വടക്കന്‍ ടീമിന് ഊര്‍ജം നല്‍കിയത്. കദമിനെ ഫൗള്‍ ചെയ്യുന്നതിന് 32-ാം മിനിറ്റില്‍ റാല്‍തേയ്ക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചതോടെ എടികെ പത്ത് പേരിലേക്ക് ചുരുങ്ങി. 89-ാം മിനിറ്റില്‍ ഗലേഗോയുടെ കോര്‍ണറില്‍ റൗളിന്‍ ബോര്‍ജസ് വലകുലുക്കിയതോടെ എടികെയും പതനം പൂര്‍ത്തിയാകുകയായിരുന്നു.
