ഡര്‍ബന്‍: ഏകദിന ക്രിക്കറ്റില്‍ ഉയര്‍ന്ന സ്കോറൊന്നുമല്ല ഇന്ത്യയ്ക്കെതിരെ ദക്ഷിണാഫ്രിക്ക നേടിയ 269 റണ്‍സ്. എന്നാല്‍ ഈ ഭേദപ്പെട്ട സ്കോര്‍ പിന്തുടരുന്ന ഇന്ത്യയ്ക്ക് അത്ര ശുഭപ്രതീക്ഷ നല്‍കുന്നതല്ല ദക്ഷിണാഫ്രിക്കയിലെ ചരിത്രം. ദക്ഷിണാഫ്രിക്ക മുന്നോട്ട് വച്ച 270 റണ്‍സ് വിജയലക്ഷ്യം ഇന്ത്യയ്ക്ക് എത്തിപ്പിടിക്കാന്‍ വിയര്‍ക്കേണ്ടിവരുമെന്ന് കണക്കുകള്‍ പറയുന്നു. 2003ല്‍ പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 274 റണ്‍സ് വിജയലക്ഷ്യം മറികടന്നതാണ് ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യയുടെ ഉയര്‍ന്ന ഏകദിന ചേസിംഗ് സ്കോര്‍.
അതായത് ഡര്‍ബന്‍ ഏകദിനത്തില്‍ ദക്ഷിണാഫ്രിക്ക മുന്നോട്ട് വച്ച 270 റണ്‍സ് വിജയലക്ഷ്യത്തേക്കാള്‍ നാല് റണ്‍സ് കൂടുതല്‍. 1997ല്‍ സിംബാബ്‌വെക്കെതിരെ നേടിയ 241 റണ്‍സാണ് ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യയുടെ രണ്ടാമത്തെ ഉയര്‍ന്ന ചേസിംഗ്. അതേസമയം ഡര്‍ബന്‍ സ്റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏതെങ്കിലുമൊരു ടീമിന്‍റെ ഉയര്‍ന്ന ചേസിംഗ് സ്കോര്‍ ഇന്ത്യയുടെ ഹൃദയമിടിപ്പ് കൂട്ടുന്നതാണ്. 2002ല്‍ ഓസ്‌ട്രേലിയ 268 റണ്‍സ് നേടി വിജയച്ചതാണ് ഇവിടുത്തെ റെക്കോര്‍ഡ്.
