പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസില്‍ നിലവിലെ ചാമ്പ്യന്‍ നൊവാക് ജോകോവിച്ച് സെമിയില്‍ എത്താതെ പുറത്തായി. ക്വാര്‍ട്ടറില്‍ ഡൊമിനിക് തീം നേരിട്ടുള്ള സെറ്റുകള്‍ക്ക് ജോകോവിച്ചിനെ തോല്‍പിച്ചു. സ്കോര്‍ 7-6 (7-5) 6-3 6-0. വാശിയേറിയ ആദ്യ സെറ്റില്‍ ടൈബ്രേക്കറിലൂടെയാണ് തീം സ്വന്തമാക്കിയത്. മൂന്നാം സെറ്റില്‍ തീം ഒറ്റ പോയിന്‍റുപോലും ജോകോവിച്ചിന് നല്‍കിയില്ല. കളി രണ്ട് മണിക്കൂറും 15 മിനിറ്റും നീണ്ടുനിന്നു.
2014നുശേഷം ഇതാദ്യമായാണ് ജോക്കോവിച്ച് ഫൈനലിലെത്താതെ പുറത്താവുന്നത്. അതേസമയം പുരുഷ സിംഗിള്‍സില്‍ മുന്‍ ചാംപ്യനും നാലാം സീഡുമായ സ്‌പാനിഷ് താരം റാഫേല്‍ നദാല്‍ സെമിയിലെത്തി. ക്വാര്‍ട്ടറില്‍ എതിരാളിയായ നാട്ടുകാരന്‍ പാബ്ലോ കരേനോ ബുസ്ത പരിക്കേറ്റ് പിന്മാറി. രണ്ടാം സെറ്റിനിടെയാണ് ബുസ്ത പിന്മാറിയത്. ആദ്യ സെറ്റ് 6-2ന് നേടിയ നദാല്‍ രണ്ടാം സെറ്റിന്റെ ആദ്യ രണ്ട് ഗെയിമും സ്വന്തമാക്കി ലീഡ് ചെയ്യുകയായിരുന്നു.
ഇത് പത്താം തവണയാണ് നദാല്‍ ഫ്രഞ്ച് ഓപ്പണ്‍ സെമിയില്‍ കടക്കുന്നത്. ജോക്കോവിച്ചിനെ തോല്‍പ്പിച്ച ഡൊമിനിക്ക് തീം ആണ് സെമിയില്‍ നദാലിന്റെ എതിരാളി. ഒമ്പത് തവണ നദാല്‍ ഫ്രഞ്ച് ഓപ്പണ്‍ ജയിച്ചിട്ടുണ്ട്.
