ക്രൈസ്റ്റ്ചര്‍ച്ച്: ക്രിക്കറ്റ് മാന്യന്‍മാരുടെ കളിയാണെന്നാണ് പൊതുവെ പറയാറുള്ളത്. എന്നാല്‍ ക്രിക്കറ്റ് മൈതാനത്ത് കളിക്കാര്‍ മാന്യത കൈവിടുന്നത് പലതവണ കണ്ടിട്ടുള്ളതാണ്. ഏറ്റവുമൊടുവില്‍ അണ്ടര്‍-19 ലോകകപ്പില്‍ വെസ്റ്റിന്‍ഡീസ് ടീമിന്റെ പെരുമാറ്റമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് ഏറെ ചര്‍ച്ചയായിരിക്കുന്നത്. ഒബ്സ്ട്രക്ടിങ് ദ ഫീല്‍ഡര്‍ എന്ന ഗണത്തില്‍പ്പെടുത്തി, ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ജീവേശന്‍ പിള്ളയുടെ പുറത്താകലാണ് വിവാദമായിരിക്കുന്നത്.

ദക്ഷിണാഫ്രിക്ക 17 ഓവറില്‍ രണ്ടിന് 77 എന്ന നിലയില്‍നില്‍ക്കെയാണ് സംഭവം. പന്ത് അടിച്ചകറ്റാനുള്ള ജീവേശന്റെ ശ്രമം പരാജയപ്പെടുകയും പന്ത് സ്റ്റംപിന് അരികിലേക്ക് നീങ്ങുകയും ചെയ്തു. ഈ സമയം, ബാറ്റ്സ്മാന്‍ തന്നെ പന്ത് കൈയിലെടുത്ത് വെസ്റ്റിന്‍ഡീസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ഇമ്മാനുവല്‍ സ്റ്റ്യൂവാര്‍ഡിന് നല്‍കി. എന്നാല്‍ ഫീല്‍ഡറെ തടസപ്പെടുത്തിയതിന് ബാറ്റ്സ്മാനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എഡ്വാര്‍ഡ് അപ്പീല്‍ ചെയ്യുകയായിരുന്നു. ഫീല്‍ഡ് അംപയര്‍ തീരുമാനം തേര്‍ഡ് അംപയറിന് നല്‍കി. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം ക്രിക്കറ്റിലെ നിയമം അനുസരിച്ച് ഒബ്സ്ട്രക്ടിങ് ദ ഫീല്‍ഡര്‍ പ്രകാരം ഔട്ട് വിധിക്കുകയും ചെയ്തു. വെസ്റ്റിന്‍ഡീസ് താരങ്ങളുടെ നടപടിയാണ് ഇപ്പോള്‍ വിമര്‍ശനവിധേയമാകുന്നത്. ക്രിക്കറ്റിലെ മര്യാദ കൈവിടുന്ന പ്രവര്‍ത്തിയായിരുന്നു കരീബിയന്‍ താരങ്ങളുടേതെന്നാണ് ആരാധകരും ക്രിക്കറ്റ് വിദഗ്ദ്ധരും അഭിപ്രായപ്പെടുന്നത്.