കെ എല്‍ രാഹുലിനെയും ശുഭ്‌മാന്‍ ഗില്ലിനെയും ലോകകപ്പ് ടീമില്‍ ഓപ്പണറായി ഉള്‍പ്പെടുത്തേണ്ടതില്ലെന്ന് ഇന്ത്യന്‍ മുന്‍ നായകന്‍. മൂന്ന് വിക്കറ്റ് കീപ്പര്‍മാര്‍ ടീമിലെത്തിയാല്‍ പ്രശ്‌നമില്ലെന്നും ഗവാസ്‌കര്‍.  

മുംബൈ: ലോകകപ്പ് ടീമിൽ റിസര്‍വ് ഓപ്പണറായി ദിനേശ് കാര്‍ത്തിക്കിനെ ഉള്‍പ്പെടുത്തണമെന്ന് ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗാവസ്കര്‍. ധോണിക്കും പന്തിനും പുറമേ കാര്‍ത്തിക്കും ടീമിലെത്തിയാൽ മൂന്ന് വിക്കറ്റ് കീപ്പര്‍മാരുണ്ടാകും. അതിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും ഗാവസ്കര്‍ പറഞ്ഞു. രാഹുലിനെയോ ഗില്ലിനെയോ ലോകകപ്പ് ടീമിൽ ഓപ്പണര്‍മാരായി ഉള്‍പ്പെടുത്തേണ്ടതില്ലെന്നും ഗാവസ്കര്‍ അഭിപ്രായപ്പെട്ടു. 

ഓസ്ട്രേലിയന്‍ പര്യടനത്തിലും ന്യുസീലന്‍ഡിലെ ഏകദിനങ്ങളിലും ഫിനിഷറായാണ് കാര്‍ത്തിക്കിനെ ടീം ഉപയോഗിച്ചത്. പ്രധാന വിക്കറ്റ് കീപ്പറായി വെറ്ററന്‍ താരവും മുന്‍ നായകനുമായ എം എസ് ധോണി ഇതിനകം ലോകകപ്പ് ടീമില്‍ സ്ഥാനമുറപ്പിച്ചിട്ടുണ്ട്. രണ്ടാം വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ദിനേശ് കാര്‍ത്തികും ഋഷഭ് പന്തും തമ്മില്‍ കടുത്ത മത്സരം നടക്കുന്നുണ്ട്. ഇംഗ്ലണ്ടില്‍ മെയ് 30നാണ് ലോകകപ്പ് തുടങ്ങുന്നത്.