ലോകകപ്പ് തോല്‍വിക്ക് ശേഷം വ്യാപകമായ വധഭീഷണികളും കുടുംബത്തിനെതിരായ ആക്രമണവുമുണ്ടായത് വേദനിപ്പിക്കുന്നതായി നൈജീരിയന്‍ താരം. ചൈനീസ് ലീഗില്‍ ഗോള്‍വേട്ടയില്‍ രണ്ടാമത് നില്‍ക്കുന്ന താരമാണ് വിരമിക്കാനൊരുങ്ങുന്നത്...
ലാഗോസ്: റഷ്യന്‍ ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെയുണ്ടായ വധഭീഷണികളെ തുടര്‍ന്ന് വിരമിക്കലിനെ കുറിച്ച് ചിന്തിക്കുന്നതായി നൈജീരിയന്‍ സ്‌ട്രൈക്കര്‍ ഒഡിയോണ്‍ ഇഗാളോ. ലോകകപ്പില്‍ അര്‍ജന്‍റീനയോട് തോറ്റ് പുറത്തായതിന് ശേഷം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ പ്രചരണങ്ങളും ഭീഷണികളും തനിക്കും കുടുംബത്തിനും നേരെ ഉയര്‍ന്നതായി 29കാരനായ താരം വെളിപ്പെടുത്തി.
തന്‍റെ ഭാര്യയോടും കുടുംബത്തോടും കുട്ടികളെ കുറിച്ച് തന്നോടും അവര്‍ പറഞ്ഞ കാര്യങ്ങള്‍ ഭീഷണിയാണ്, ഫുട്ബോളിന് അപ്പുറമാണ്. കുട്ടികളെ കുറിച്ച് പറയുമ്പോള്‍ അമ്മമാരുടെ പ്രതികരണമെന്താകും എന്ന് നിങ്ങള്‍ക്കറിയാം. എന്നിട്ടും ആര്‍ക്കും ആരോടും ഒരു വാക്കുപോലും പറയാനോ മറുപടികള്‍ നല്‍കാനോ മുതിര്‍ന്നില്ല. നൈജീരയയിലേക്ക് പോകരുതെന്ന് ഭാര്യ ആവശ്യപ്പെട്ടതായും നൈജീരിയന്‍ താരം പറഞ്ഞു.
എന്നാല്‍ താന്‍ ഗോള്‍ നേടിക്കാണാനാണ് ആരാധകര്‍ ആഗ്രഹിക്കുന്നതെന്നും അവരെ മനസിലാക്കുന്നതായും താരം വ്യക്തമാക്കി. ചൈനീസ് സൂപ്പര്‍ ലീഗില്‍ 25 മത്സരങ്ങളില്‍ 20 ഗോളുകള്‍ നേടി രണ്ടാമതുണ്ട് ഈ നൈജീരിയന്‍ സ്‌ട്രൈക്കര്‍. ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ് യോഗ്യതാ മത്സരങ്ങളിലും താരം മികവുകാട്ടുകയാണ്. കഴിഞ്ഞ ദിവസം ലിബിയക്കെതിരായ മത്സരത്തില്‍ ഹാട്രിക് നേടിയിരുന്നു.
