ദില്ലി: ക്രിക്കറ്റ് അസോസിയേഷനുകളിലെ ഭാരവാഹികളുടെ യോഗ്യതയെക്കുറിച്ച് വ്യക്തതവരുത്തി സുപ്രീംകോടതി. ലോധസമിതി നിര്‍ദ്ദേശപ്രകാരം പരമാവധി ഒന്‍പത് വര്‍ഷം മാത്രമേ ഭാരവാഹികളാകാന്‍ കഴിയൂ എന്ന് സുപ്രീം കോടതി വ്യക്തമാക്കി. ബിസിസിഐയില്‍ ഒമ്പത് വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് സംസ്ഥാന അസോസിയേഷനില്‍ ഭാരവാഹിത്വമാകാം.
സംസ്ഥാന അസോസിയേഷനുകളില്‍ ഒമ്പത് വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് ബിസിസിഐ ഭാരവാഹിയാകുന്നതില്‍ നിയമതടസ്സമില്ലെന്നും ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഹിമാചല്‍ പ്രദേശിലെ ധരംശാലയില്‍ ശനിയാഴ്ച നടത്താന്‍ നിശ്ചയിച്ച ഇന്ത്യ- ഓസ്‍ട്രേലിയ ടെസ്റ്റ് മത്സരത്തിനായി ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന് രണ്ടര കോടി രൂപ അനുവദിക്കാന്‍ കോടതി ഇടക്കാല ഭരണ സമിതിക്ക് നിര്‍ദ്ദേശം നല്‍കി.
ഹിമാചല്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്റെ ഖജനാവില്‍ 90 കോടിയുടെ ഫണ്ടുണ്ടെന്നും അതിനാല്‍ പണം അനുവദിക്കാനാകില്ലെന്നുമായിരുന്നു ബിസിസിഐ ഇടക്കാല ഭരണസമിതിയുടെ വാദം. ഐപിഎല്ലിനും ബിസിസിഐ സംസ്ഥാന അസോസിയേഷനുകള്‍ക്ക് പണം അനുവദിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു
