ദില്ലി: പിറന്നാള്‍ ദിനത്തില്‍ വ്യത്യസ്തമായ ആശംസകൊണ്ട് മറ്റുള്ളവര്‍ക്ക് പണികൊടുക്കുന്നതില്‍ വീരേന്ദര്‍ സെവാഗിനെ കഴിഞ്ഞേ മറ്റാരുമുള്ളു. എന്നാല്‍ തന്റെ പിറന്നാള്‍ ദിനത്തില്‍ സെവാഗിന് എട്ടിന്റെ പണി കൊടുത്തത് മറ്റാരുമല്ല, സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തന്നെ. സെവാഗിന്റെ 39-ാം പിറന്നാള്‍ ദിനത്തിലാണ് സച്ചിന്‍ തലതിരിഞ്ഞ ആശംസ നേര്‍ന്ന് സെവാഗിനെ ഞെട്ടിച്ചത്.
ഇത്തരത്തില്‍ തലതിരിഞ്ഞ ആശംസ നേരാന്‍ ഒരു കാരണമുണ്ടെന്നും സച്ചിന്‍ ആശംസാകുറിപ്പില്‍ വ്യക്തമാക്കുന്നു. ഫീല്‍ഡില്‍ എപ്പോഴും ഞാന്‍ പറയുന്നതിന്റെ നേരെ വിപരീതമായി പ്രവര്‍ത്തിക്കുന്ന നിനക്കെന്റെ തലതിരിഞ്ഞ ആശംസ എന്നായിരുന്നു സച്ചിന്റെ ആശംസ.
സച്ചിന്‍ മാത്രമല്ല, ഇഷാന്ത് ശര്‍മ, അജിങ്ക്യാ രഹാനെ, അനില്‍ കുംബ്ലെ തുടങ്ങിയ പ്രമുഖരെല്ലാം സെവാഗിന് ട്വിറ്ററിലൂടെ പിറന്നാള്‍ ആശംസ നേര്‍ന്നു.
കൂട്ടത്തില്‍ മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന നടത്തിയ ജന്മദിനാശംസയും ശ്രദ്ധേയമായി. സംഹാരത്തിന്റെ പര്യായമായ ബൗളര്‍മാരുടെ പേടി സ്വപ്‌നമായ വീരേന്ദര്‍ സെവാഗിന് ജന്മദിനാശംസകള്‍ എന്നായിരുന്നു റെയ്‌ന ട്വിറ്ററില്‍ കുറിച്ചത്.
സെവാഗിനൊപ്പം ബാറ്റ് ചെയ്യുന്ന തന്റെ ചിത്രം സഹിതമായിരുന്നു റെയ്‌ന ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ഉടന്‍ റെയ്‌നയ്ക്ക് നന്ദി പറഞ്ഞ് സെവാഗിന്റെ മറുപടിയുമെത്തി. നന്ദി സുരേഷ് റെയ്‌ന, തന്നെ ആശംസിക്കാനുളള സമയം എനിക്കും ലഭിക്കും' സെവാഗ് ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യയ്ക്കായി 104 ടെസ്റ്റും 251 ഏകദിനവും കളിച്ചിട്ടുളള താരമാണ് വീരേന്ദ്ര സെവഗ്. ഏകദിനത്തില്‍ 8273 റണ്‍സും ടെസ്റ്റില്‍ 8586 റണ്‍സും സെവാഗ് സ്വന്തമാക്കിയിട്ടുണ്ട്.
