ബംഗലൂരു: ഇന്ത്യന്‍ പരിശീലകനായി ചുമതലയേറ്റെടുത്തശേഷം അനില്‍ കുംബ്ലെ ഇന്ത്യന്‍ ടീമിന്റെ പരിശീലന ക്യാമ്പില്‍ നടത്തിയ ആദ്യ പരീക്ഷണത്തില്‍ ടെസ്റ്റ് നായകന്‍ വിരാട് കൊഹ്‌ലിയടക്കമുള്ളവര്‍ പരാജയപ്പെട്ടു. വിന്‍ഡീസ് പര്യടനത്തിന് മുന്നോടിയായി നടക്കുന്ന സന്നാഹ ക്യാമ്പിലാണ് കുംബ്ലെ കൊഹ്‌ലിയടക്കമുള്ള ബാറ്റ്സ്മാന്‍മാരെ പരിശീലന മത്സരംകൊണ്ട് പരീക്ഷിച്ചത്. മത്സരത്തില്‍ ഒരു മണിക്കൂര്‍ നേരം പുറത്താവാതെ ബാറ്റ് ചെയ്യുക എന്നതായിരുന്നു ബാറ്റ്സ്മാന്‍മാര്‍ക്ക്മുന്നില്‍ കുംബ്ലെ ഉയര്‍ത്തിയ വെല്ലുവിളി. ഇതില്‍ വിരാട് കൊഹ്‌ലി രണ്ടു തവണ പുറത്തായി. രണ്ടു തവണയും രവീന്ദ്ര ജഡേജയ്ക്കായിരുന്നു വിക്കറ്റ്.

ശീഖര്‍ ധവാനും മുരളി വിജയ്‌യുമാണ് കുംബ്ലെയുടെ പരീക്ഷണത്തില്‍ തോറ്റ മറ്റ് രണ്ട് പ്രമുഖര്‍. അശ്വിന്റെ പന്തില്‍ ഡ്രൈവിന് ശ്രമിച്ച ധവാന്‍ ആദ്യം സ്ലിപ്പില്‍ ക്യാച്ച് നല്‍കി. പിന്നീട് ഭുവനേശ്വര്‍ കുമാറിന് റിട്ടേണ്‍ ക്യാച്ച് നല്‍കി പുറത്തായി. വിജയ് ഇഷാന്തിന്റെ പന്തിലാണ് ആദ്യം പുറത്തായത്. രണ്ടാം തവണ റണ്ണൗട്ടാവുകയായിരുന്നു. കെ.എല്‍ രാഹുലും ചേതേശ്വര്‍ പൂജാരയും ഓരോ തവണ വീതം റണ്ണൗട്ടായി.

എന്നാല്‍ കുംബ്ലെയുടെ പരീക്ഷണത്തില്‍ പതറാതെ പിടിച്ചു നിന്ന ഒരു ബാറ്റ്സ്മാനുണ്ട് ഇന്ത്യന്‍ നിരയില്‍. മറ്റാരുമല്ല അജിങ്ക്യാ രഹാനെ. ഒരു മണിക്കൂര്‍ ബാറ്റ് ചെയ്ത രഹാനെയെ പുറത്താക്കാന്‍ ബൗളര്‍മാര്‍ക്കായില്ല. വെസ്റ്റിന്‍ഡീസ് പര്യടനത്തിന് മുന്നോടിയായി ബംഗലൂരുവിലെ ആലൂരിലാണ് സന്നാഹ ക്യാമ്പ് നടക്കുന്നത്.