ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും പി യു ചിത്ര പുറത്താകാന്‍ കാരണം ലോക അത്ലറ്റിക് ഫെഡറേഷന്‍റെ നിയമ പ്രകാരമുള്ള നിബന്ധനകളില്‍ ഇന്ത്യന്‍ അത്ലറ്റിക് അസോസിയേഷന്‍ നിബന്ധനകള്‍ കര്‍ശനമാക്കിയതാണെന്നും ചിത്രയെ ഉള്‍പ്പെടുത്തണമെന്ന് സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ താന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ഒളിമ്പ്യന്‍ പി ടി ഉഷ. അത്ലറ്റിക് ഫെഡറേഷന്‍റെ ഒരു നിരീക്ഷകയെന്ന നിലയില്‍ ചിത്രയെ ടീമില്‍ ഉള്‍പ്പെടുത്താന്‍ പരമാവധി ശ്രമിച്ചെന്നും പിടി ഉഷ കോഴിക്കോട് പറഞ്ഞു.

ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിയ എല്ലാവരേയും ടീമില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു തന്‍റെ നിലപാടെന്ന് പിടി ഉഷ വ്യക്തമാക്കി. എന്നാല്‍ യോഗ്യത മാര്‍ക്കിന് അടുത്ത് എത്താത്തവര്‍ ടീമില്‍ വേണ്ടെന്ന കര്‍ശന നിലപാട് അത്ലറ്റിക് അസോസിയേഷന്‍ സ്വീകരിച്ചു. ഇതാണ് ചിത്രയടക്കം മൂന്ന് കായികതാരങ്ങള്‍ക്ക് തിരിച്ചടിയായതെന്ന് പിടിഉഷ പറഞ്ഞു.

ഏഷ്യന്‍ അത്ലറ്റിക് മീറ്റില്‍ സ്വര്‍ണ്ണം നേടിയ ചിത്ര ഗുണ്ടൂര്‍ മീറ്റില്‍ പ്രകടനം മോശമാക്കി. അതിനാല്‍ ചിത്രയുടെ പ്രകടനത്തിന് സ്ഥിരതയില്ലെന്നാണ് സെലക്ഷന്‍ കമ്മിറ്റിയിലെ ഭൂരിഭാഗവും വാദിച്ചത്. തനിക്ക് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനാവില്ലെന്നും താന്‍ ഒരു നിരീക്ഷക മാത്രമാണെന്നും പിടി ഉഷ വിശദീകരിച്ചു. ചിത്രയെ ഒഴിവാക്കിയതില്‍ ദുഖമുണ്ടെന്നും ഉഷ പറഞ്ഞു.

തനിക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവര്‍ കാര്യങ്ങള്‍ മനസിലാക്കുന്നില്ലെന്ന് ഉഷ കുറ്റപ്പെടുത്തി.താന്‍ കമ്മിറ്റിയിലെ അംഗമല്ല. വിമര്‍ശിക്കുന്നവര്‍ അത് മനസിലാക്കുന്നില്ലെന്നും ഉഷ പറഞ്ഞു. മാധ്യമങ്ങള്‍ തന്നെ ക്രൂശിക്കുകയാണ് ചെയ്ത്. താന്‍ എന്ത് തെറ്റാണ് ചെയതതെന്നു വ്യക്തമാക്കണമെന്നും ഉഷ പറഞ്ഞു. ചിത്രക്ക് വേണ്ടി ഭാവിയിലും വാദിക്കുമെന്നും ഉഷ അറിയിച്ചു.