ദില്ലി: ലണ്ടനില്‍ നടക്കുന്ന ലോക അത്‌ലറ്റിക്‌സ് മീറ്റിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് പി യു ചിത്രയെ ഒഴിവാക്കിയതിന് പിന്നില്‍ പി.ടി.ഉഷയാണെന്ന ആരോപണത്തിന് സ്ഥിരീകരണവുമായി സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഗുര്‍ബച്ചന്‍ സിംഗ് രണ്‍ധാവ. ഇന്ത്യന്‍ ടീമില്‍ നിന്ന് ചിത്രയെ ഒഴിവാക്കിയത് തന്റെ മാത്രം തീരുമാനപ്രകാരമല്ലെന്നും അത്‍ലറ്റിക് ഫെഡറേഷന്‍ ഭാരവാഹികളും പി.ടി.ഉഷയും കൂട്ടായാണ് പി.യു.ചിത്രയെ ഒഴിവാക്കാന്‍ തീരുമാനിച്ചതെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രണ്‍ധാവ പറഞ്ഞു.
സ്ഥിരതയില്ലാത്ത പ്രകടനമാണ് ചിത്രയുടെ ഭാഗത്തുനിന്നുണ്ടാകുന്നത് എന്ന നിരീക്ഷണം വന്നപ്പോള്‍ ചിത്രയെ ഒഴിവാക്കമെന്ന നിര്‍ദേശത്തെ സെക്രട്ടറി സി.കെ. വല്‍സനും പ്രസിഡന്റും പി.ടി. ഉഷയും അനുകൂലിച്ചുവെന്നും രണ്‍ധാവ അറിയിച്ചു. സെലക്‌ഷന്‍ കമ്മിറ്റിയില്‍ അംഗമായിട്ടും ചിത്രയെ ഉള്‍പ്പെടുത്താന്‍ താന്‍ ശ്രമിച്ചില്ലെന്ന പ്രചാരണം വസ്തുതാ വിരുദ്ധമാണെന്നാണ് പി.ടി. ഉഷ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

നേരത്തെ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുളള ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കിയത് ചോദ്യം ചെയ്ത് ചിത്ര നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് പോകുന്ന ടീമിനെ തെരഞ്ഞെടുക്കുന്നത് ആരാണ്, മാനദണ്ഡം എന്താണ്, പണം മുടക്കുന്നത് ആരാണ് തുടങ്ങിയ കാര്യങ്ങള്‍ അറിയിക്കണമെന്നാണ് നിര്‍ദേശം.
ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍, സായി അടക്കമുളള കായിക സംഘടനകളെ നിയന്ത്രിക്കുന്നത് ആരാണ്, പ്രവര്‍ത്തനം മൂലധനം എവിടെനിന്നാണ് എന്നീകാര്യങ്ങള്‍ക്കും മറുപടി നല്‍കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ചിത്രയുടെ ഹര്‍ജി ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും
