ബ്രിസ്‌ബെയ്ന്‍: ഓസ്‌ട്രേലിയയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്ഥാന് ബാറ്റിങ് തകര്‍ച്ച. ഓസ്‌ട്രേലിയയുടെ 429 റണ്‍സിനെതിരെ ആദ്യ ഇന്നിംഗ്സ് ബാറ്റിങ് തുടങ്ങിയ പാകിസ്ഥാന്‍ എട്ടിന് 97 എന്ന നിലയിലാണ്. മൂന്നു വിക്കറ്റ് വീതം വീഴ്‌ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹാസ്‌ല്‍വുഡും ചേര്‍ന്നാണ് പാകിസ്ഥാനെ തകര്‍ത്തത്. പുറത്താകാതെ 31 റണ്‍സെടുത്ത സര്‍ഫ്രാസ് അഹമ്മദാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. സര്‍ഫ്രാസിനെയും സമി അസ്ലം(22), ബാബര്‍ അസം(19) എന്നിവരെയും കൂടാതെ മറ്റൊരു പാകിസ്ഥാന്‍ ബാറ്റ്‌സ്‌മാനും രണ്ടക്കം കാണാനായില്ല.

മൂന്നിന് 288 എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് തുടര്‍ന്ന ഓസ്‌ട്രേലിയ 429 റണ്‍സിന് പുറത്താകുകയായിരുന്നു. സ്റ്റീവന്‍ സ്‌മിത്ത്(130), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ്(105) എന്നിവരുടെ സെഞ്ച്വറികളാണ് ഓസ്‌ട്രേലിയയുടെ സ്‌കോര്‍ 400 കടത്തിയത്. രണ്ടാം ടെസ്റ്റ് കളിക്കുന്ന ഓപ്പണര്‍ മാറ്റ് റെണ്‍ഷാ 71 റണ്‍സെടുത്തു. നാലു വിക്കറ്റെടുത്ത മൊഹമ്മദ് ആമിറാണ് പാകിസ്ഥാനുവേണ്ടി ബൗളിംഗില്‍ തിളങ്ങിയത്.