സ്വിംഗും മാരക യോര്‍ക്കറുകളും കൊണ്ട് ബാറ്റ്സ്മാന്‍മാരെ വിറപ്പിച്ചിരുന്ന പാക്കിസ്താന്‍ പേസര്‍ മുഹമ്മദ് ആമിറിനെ പ്രതിരോധത്തിലാക്കിയ ഒരു താരമുണ്ട്. എന്നാലത് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയല്ല.
കറാച്ചി: കരിയറില്‍ തന്നെ കുടുക്കിയ ബാറ്റ്‌സ്മാന്‍റെ പേര് വെളിപ്പെടുത്തി പാക്കിസ്താന്‍ പേസര്‍ മുഹമ്മദ് ആമിര്‍. എന്നാലത്, ടെസ്റ്റ്- ഏകദിന റാങ്കിംഗുകളില്‍ ഒന്നാമത് നില്‍ക്കുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോലിയല്ല. മുന്‍ ഓസീസ് നായകന്‍ സ്റ്റീവ് സ്‌മിത്താണ് ആമിറിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയ ബാറ്റ്‌സ്മാന്‍. ഇഎസ്‌പിഎന്‍ ക്രിക് ഇന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അതിവേഗക്കാരനായ ആമിറിന്‍റെ വെളിപ്പെടുത്തല്‍.
കുറ്റമറ്റ ടെക്‌നിക്കാണ് സ്‌മിത്തിനെ അപകടകാരിയാക്കുന്നതെന്ന് ആമിര്‍ പറയുന്നു. വിന്‍ഡീസ് ഇതിഹാസം ലാറക്കെതിരെ പന്തെറിയാന്‍ കഴിയാത്തതില്‍ നിര്‍ഭാഗ്യവാനാണ്. അതൊരു സ്വപ്‌നമായിരുന്നു. കഴിഞ്ഞ തലമുറയിലെ അപകടകാരിയായ ബാറ്റ്‌സ്മാന്‍ ലാറയാണ്. ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റുകളിലും ഹാട്രിക് നേടുകയാണ് തന്‍റെ ലക്ഷ്യമെന്നും ആമിര്‍ വെളിപ്പെടുത്തി. സെപ്‌റ്റംബര്‍ 15ന് ആരംഭിക്കുന്ന ഏഷ്യാകപ്പിനായി തയ്യാറെടുക്കുകയാണ് ആമിര്‍.
