കറാച്ചി: തുടര്‍ച്ചയായി ടീമില്‍ നിന്നും ഒഴിവാക്കിയതില്‍ നിരാശനായി പാക് യുവ ക്രിക്കറ്റര്‍ സ്റ്റേഡിയത്തില്‍ ഫസ്റ്റ് ക്ലാസ് മത്സരം നടന്നുകൊണ്ടിരിക്കുന്നതിനിടെ സ്റ്റേഡിയത്തിലെത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. വലം കൈയന്‍ പേസ് ബൗളറായ ഗുലാം ഹൈദര്‍ അബ്ബാസ് ആണ് ലാഹോര്‍ സിറ്റി ക്രിക്കറ്റ് അസോസിയേഷന്‍ ഗ്രൗണ്ടില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

സ്റ്റേഡിയത്തില്‍ ക്വയ്ദ് ഇ അസം ട്രോഫിക്കുവേണ്ടിയുള്ള ഫസ്റ്റ് ക്ലാസ് മത്സരം നടക്കുന്നതിനിടെ അവിടെയെത്തിയ അബ്ബാസ് ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്താനൊരുങ്ങവെ കാണികള്‍ ബഹളംവെച്ചതിനെത്തുടര്‍ന്ന് സുരക്ഷാജീവനക്കാരെത്തി അദ്ദേഹത്തെ സമാധാനിപ്പിക്കുകയായിരുന്നു. ലാഹോര്‍ അസോസിയേഷനിലെ താരമാണ് അബ്ബാസ്. ക്ലബ്ബ്, സോണല്‍ തലങ്ങളില്‍ മികവുറ്റ പ്രകടനം കാഴ്ചവെച്ചിട്ടും ദരിദ്ര പശ്ചാത്തലമുള്ളതിനാല്‍ തന്നെ അധികൃതര്‍ തുടര്‍ച്ചയായി അവഗണിക്കുകയാണെന്നും ഇതില്‍ നാരാശനായാണ് ആത്മഹത്യ ചെയ്യാനൊരുങ്ങിയതെന്നും ഇയാള്‍ പറഞ്ഞു.

ലാഹോര്‍ ടീമിനായി കളിക്കാന്‍ അവസരം നല്‍കണമെങ്കില്‍ പണം നല്‍കണമെന്ന് ആവശ്യപ്പെട്ടുവെന്നും തന്റെ അപേക്ഷ ഇനിയും അധികൃതര്‍ കേട്ടില്ലെങ്കില്‍ ഗദ്ദാഫി സ്റ്റേഡിയത്തിന്റെ പ്രധാന ഗേറ്റില്‍വെച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്യുമെന്നും അബ്ബാസ് പറഞ്ഞു. താന്‍ മരിച്ചാല്‍ ഈസ്റ്റ് സോണ്‍ ഒഫീഷ്യല്‍സും ലാഹോര്‍ ക്രിക്കറ്റ് അസോസിയേഷനും ആയിരിക്കും ഉത്തരവാദികളെന്നും അബ്ബാസ് വ്യക്തമാക്കി.