ദുബായ്: ട്വന്റി-20 റാങ്കിംഗില്‍ ഓസ്ട്രേലിയയെ ഒന്നാം റാങ്കുകാരാക്കിയ നടപടി തിരുത്തി ഐസിസി. റേറ്റിംഗ് പോയന്റ് കണക്കാക്കുമ്പോള്‍ ദശാംശക്കണക്കില്‍ പാക്കിസ്ഥാന്‍ തന്നെയാണ് ഇപ്പോഴും ഒന്നാമത്. ഓസ്ട്രേലിയ രണ്ടാം സ്ഥാനത്താണ്. ന്യൂസിലന്‍ഡും ഇംഗ്ലണ്ടും ഉള്‍പ്പെട്ട ത്രിരാഷ്ട്ര പരമ്പര ജയിച്ചതോടെ ഓസ്ട്രേലിയ ട്വന്റി-20 റാങ്കിംഗില്‍ ആദ്യമായി ഒന്നാം സ്ഥാനത്തെത്തിയെന്ന് കഴിഞ്ഞ ദിവസം വാര്‍ത്ത വന്നിരുന്നു.

എന്നാല്‍ ദശാംശക്കണക്കില്‍ ഓസ്ട്രേലിയക്ക് 125.65 റേറ്റിംഗ് പോയന്റും പാക്കിസ്ഥാന് 125.84 റേറ്റിംഗ് പോയന്റുമാണുള്ളത്. ഓസ്ട്രേലിയയെ ഒന്നാം റാങ്കുകാരാക്കി പ്രഖ്യാപിച്ചത് ക്ലറിക്കല്‍ തെറ്റ് മാത്രമാണെന്ന് ഐസിസി വിശദീകരിച്ചു. 2011ല്‍ ട്വന്റി-20 റാങ്കിംഗ് നിലവില്‍ വന്നശേഷം ഇതുവരെ ഓസ്ട്രേലിയ ഒന്നാം റാങ്കിലെത്തിയിട്ടില്ല.

ത്രിരാഷ്ട്ര പരമ്പരയുടെ ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസീലൻഡ് 20 ഓവറിൽ ഒൻപതു വിക്കറ്റിന് 150 റൺസിൽ ഒതുങ്ങി. മറുപടി ബാറ്റിങിൽ ഓസ്ട്രേലിയ 14.4 ഓവറിൽ മൂന്നിന് 121 എന്ന നിലയിലായിരിക്കെ മഴയെത്തി. ഡക്ക്‌വർത്ത്–ലൂയിസ് നിയമപ്രകാരം ഓസീസ് 19 റൺസിനു ജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. മൂന്നു വിക്കറ്റെടുത്ത ആഷ്ടൺ ആഗറാണ് തിളങ്ങിയത്.