ലാഹോര്‍: വാതുവെയ്പ്പ് കേസില്‍ പാക്ക് ക്രിക്കറ്റ് താരത്തിന് അഞ്ചു വര്‍ഷം വിലക്ക്. പാക്കിസ്ഥാനിലെ അഴിമതി വിരുദ്ധ ട്രൈബൂണലാണ് പാക്ക് ഓപ്പണര്‍ ഷര്‍ജീല്‍ ഖാന് അഞ്ചു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയത്. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലാണ് ക്രിക്കറ്റ് ലോകത്തില്‍ വീണ്ടും പ്രതിച്ഛായ നഷ്ടപ്പെടുത്തി വാതുവെയ്പ്പ് ആരോപണം ഉയര്‍ന്നത്.
വാതുവെയ്പ്പ് കേസ് ഉയര്‍ന്നതിനു പിന്നാലെ 28 വയസ്സുകാരനായ പാക്ക് ഇടംകൈയ്യന്‍ ഓപ്പണറായ ഷര്‍ജീല്‍ ഖാനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഷര്‍ജീലിനൊപ്പം ഓപ്പണറായ ഖാലിദ് ലത്തിഫിനെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. പാക്ക് ക്രിക്കറ്റ് ബോര്‍ഡിന്റെ അഴിമതി വിരുദ്ധ നിയമം ലംഘിച്ചുവെന്ന കണ്ടെത്തലിലാണ് സസ്‌പെന്‍ഡ് ചെയ്തത്.
ഇസ്ലാമാബാദ് യൂണൈറ്റഡും പെഷ്‌വര്‍ സാല്‍മിയും തമ്മില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ദുബായില്‍ നടന്ന മത്സരത്തിനിടെയാണ് സംഭവം. നാലു ബോളുകള്‍ നേരിടുന്നതിനിടെ ഒരു റണ്‍ മാത്രം എടുക്കുകയും പിന്നാലെ ഉടന്‍ തന്നെ ഔട്ട് ആകുകയുമായിരുന്നു.അതേസമയം, നിര്‍ണ്ണായകമായ മത്സരത്തില്‍ മുന്‍കൂട്ടി ആസൂത്രണം നടത്തി ലത്തീഫ് കളിയില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു. മുന്നു പേരടങ്ങിയ സമിതിയാണ് ഷര്‍ജീലിന് അഞ്ചു വര്‍ഷ വിലക്ക് ഉത്തരവിട്ടത്.
