തിരുവനന്തപുരം: ജമ്മു കശ്‍മീര്‍ ക്രിക്കറ്റ് അസോസിയേഷനെതിരെ തുറന്നടിച്ച് രഞ്ജി നായകനും ഇന്ത്യന്‍ താരവുമായ പര്‍വേസ് റസൂല്‍. സ്വന്തം നാട്ടില്‍ കളിക്കാന്‍ ജമ്മു കശ്‍മീര്‍ താരങ്ങള്‍ക്ക് കഴിയാത്തത് ദുഖകരമാണെന്ന് റസൂല്‍ തിരുവന്തപുരത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.ട
അശാന്തി നിറഞ്ഞ കശ്‍മീര്‍ താഴ്വരയില്‍ നിന്ന് ഇന്ത്യന്‍ ടീമിലെത്തിയ ആദ്യ ക്രിക്കറ്റ് താരമായി ചരിത്രം സൃഷ്‌ടിച്ചിട്ടും പര്‍വേസ് റസൂലിനെ പിന്നോട്ടുവലിക്കുകയാണ് സ്വന്തം നാട്ടിലെ ക്രിക്കറ്റ് നേതൃത്വം.
അഴിമതിയിലും വിവാദങ്ങളിലും കുരുങ്ങിയ അസോസിയേഷന്റെ പിടിപ്പുകേടു കാരണം മൂന്ന് വര്‍ഷത്തിലധികമായി രഞ്ജിട്രോഫിയില്‍ ഒരു ഹോം മത്സരം പോലും കളിക്കാന്‍ കശ്‍മീരികള്‍ക്കായിട്ടില്ല. തന്റെ പിന്നാലെ കശ്‍മീരില്‍ നിന്ന് നിരവധി പേര്‍ ദേശീയ ടീമിലെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും നിരാശ മാത്രമാണ് ലഭിച്ചത്.

മറ്റ് പരിഗണകളൊന്നുമില്ലാതെ, മികച്ച പ്രകടനത്തിലൂടെ തന്നെ ദേശീയ ടീമില്‍ സ്ഥിരാംഗമാകാമെന്ന ആത്മവിശ്വാസമുണ്ട്. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ സമീപനത്തെ കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് പര്‍വേസ് റസൂല്‍ ഒഴിഞ്ഞുമാറി. ഈ വര്‍ഷം ജനുവരിയില്‍ ഇംഗ്ലണ്ടിനെതിരായാണ് റസൂല്‍ അവസാനം ഇന്ത്യക്കായി കളിച്ചത്.
