നിയോണ്‍: ആരാധകനെ കരാട്ടെ സ്റ്റൈലില്‍ ചവിട്ടിയ മാഴ്‌സെയുടെ ഫ്രഞ്ച് ഫുട്ബോളര്‍ പാട്രിക് എവ്‌റക്ക് ഏഴ് മാസം വിലക്ക്. യൂറോപ്യന്‍ ലീഗ് മത്സരങ്ങളില്‍ നിന്ന് ജൂണ്‍ 30 വരെ എവ്‌റയെ വിലക്കിയ യൂവേഫ 10,000 യൂറോ പിഴ ഈടാക്കുകയും ചെയ്യും. പോര്‍ച്ചുഗല്‍ ക്ലബ് വിറ്റാരിയയുമായുള്ള മല്‍സരത്തിന് മുമ്പ് വാം അപ്പിനിടെയാണ് വാഗ്വാദമുണ്ടായ ആരാധകന്‍റെ തലയ്‌ക്ക് കരാട്ടെ സ്റ്റൈലില്‍ തൊഴിച്ചത്.

സംഭവത്തില്‍ എവ്‌റയെ കളി തുടങ്ങും മുമ്പുതന്നെ ചുവപ്പ് കാര്‍ഡ് നല്‍കി റഫറി പുറത്താക്കിയിരുന്നു.ഫ്രഞ്ച് ക്ലബ് മാഴ്‌സെയ്‌ക്കുവേണ്ടി കളിക്കുന്ന എവ്‌റയെ ക്ലബ് നേരത്തെ പുറത്താക്കിയതാണ്. സംഭവത്തില്‍ എവ്റയും പ്രകോപനമുണ്ടാക്കിയ ആരാധകനും കുറ്റക്കാരനാണെന്ന് മാഴ്‌സെയുടെ ഉടമ മക്കോര്‍ട്ട് ചൂണ്ടിക്കാട്ടി. എവ്റയെ പോലൊരു ലോകോത്തര താരത്തില്‍ നിന്ന് ഇത്തരം നീക്കം പ്രതീക്ഷിച്ചില്ലെന്നും മക്കോര്‍ട്ട് പറഞ്ഞു.