മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പരിശീലക സ്ഥാനത്തു നിന്ന് ജോസ് മൗറീഞ്ഞോയെ പുറത്താക്കിയതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വിവാദ പോസ്റ്റിട്ട സൂപ്പര്‍ താരം പോള്‍ പോഗ്ബക്കെതിരെ ക്ലബ്ബ് അച്ചടക്ക നടപടിയെടുത്തേക്കുമെന്ന് സൂചന. മൗറീഞ്ഞോയെ പുറത്താക്കിയെന്ന വാര്‍ത്ത വന്നതിന് പിന്നാലെ തന്റെ ഇന്‍സ്റ്റഗ്രാമില്‍ കള്ളച്ചിരിയുമായി നില്‍ക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്ത പോഗ്ബ ഇതിന് അടിക്കുറിപ്പെഴുതാനും ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ചിത്രം വിവാദമാവുമെന്ന് അറിഞ്ഞതോടെ പോഗ്ബ ചിത്രം പിന്‍വലിച്ചു. പോസ്റ്റിട്ട് 10 നിമിഷത്തിനകം ചിത്രം പിന്‍വലിച്ചുവെങ്കിലും ഇതിനകം 64000 പേര്‍ ചിത്രം ലൈക്ക് ചെയ്തിരുന്നു. മൗറീഞ്ഞോയെുട പുറത്താകലിലുള്ള സന്തോഷമാണ് പോഗ്ബയുടെ മുഖത്തെന്ന വാദം ഉയരുകയും ചെയ്തു. എന്നാല്‍ ഈ ചിത്രം അഡിഡാസിന്റെ പരസ്യ ക്യാംപെയിന്റെ ഭാഗമായിരുന്നുവെന്നാണ് പോഗ്ബയുടെ ഭാഗത്ത് നിന്നുള്ള വിശദീകരണം.

മാഞ്ചസ്റ്ററില്‍ പോഗ്ബയും മൗറീഞ്ഞോയെു തമ്മിലുളള അത്ര സുഖമുള്ളതായിരുന്നില്ല. പലപ്പോഴും ഫ്രഞ്ച് സൂപ്പര്‍ താരത്തെ ആദ്യ ഇലവനില്‍ മൗറീഞ്ഞോ കളിപ്പിച്ചിരുന്നില്ല. ഇതിനെത്തുടര്‍ന്ന് പോഗ്ബ ക്ലബ്ബ് വിട്ടേക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. 2016ല്‍ മൗറീഞ്ഞോ പരിശീലകനായി ചുമതലയേറ്റ് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പോഗ്ബയെ റെക്കോര്‍ഡ് തുകയക്ക് യുവന്റസില്‍സ നിന്ന് മാഞ്ചസ്റ്ററില്‍ എത്തിക്കുകയായിരുന്നു.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ നിറംകെട്ട പ്രകടനം തുടരുന്ന പശ്ചാത്തലത്തിലാണ് പരിശീലകരിലെ സൂപ്പര്‍ താരമായ മൗറീഞ്ഞോയെ ക്ലബ്ബ് പുറത്താക്കിയത്.