ഐസിസി അംഗരാജ്യങ്ങൾക്ക് നൽകിവരുന്ന വാർഷിക ലാഭവിഹിതത്തിൽനിന്ന് മേൽപ്പറഞ്ഞ തുക പിഴയായി ഈടാക്കുമെന്നും ഭീഷണിയുണ്ട്

മുംബൈ: 2023ലെ ലോകകപ്പ് വേദി ഇന്ത്യയ്ക്ക് ലഭിക്കണമെങ്കില്‍ ഡിസംബര്‍ 31ന് മുന്‍പ് 160 കോടി രൂപ നല്‍കണമെന്ന് ഐസിസിക്ക് ബിസിസിഐയുടെ മുന്നറിയിപ്പ്. 2016 ലോകകപ്പ് ട്വിന്‍റി20 ഇന്ത്യയില്‍ നടത്തി വകയില്‍ വന്ന 160 കോടിയുടെ നികുതി നഷ്ടമാണ് ഐസിസി ബിസിസിഐയോട് ചോദിക്കുന്നത്.തുക അടച്ചില്ലെങ്കിൽ 2023ലെ ഏകദിന ലോകകപ്പ് ഉൾപ്പെടെയുള്ള ടൂർണമെന്റുകൾ ഇന്ത്യയിൽനിന്ന് മാറ്റുമെന്നും ഐസിസി മുന്നറിയിപ്പു നൽകി.

ഇതിന് പുറമേ ഐസിസി അംഗരാജ്യങ്ങൾക്ക് നൽകിവരുന്ന വാർഷിക ലാഭവിഹിതത്തിൽനിന്ന് മേൽപ്പറഞ്ഞ തുക പിഴയായി ഈടാക്കുമെന്നും ഭീഷണിയുണ്ട്. മുൻ ബിസിസിഐ പ്രസിഡന്റ് കൂടിയായ ശശാങ്ക് മനോഹറാണ് ഐസിസി അധ്യക്ഷൻ. എന്നാല്‍ 2016 ലെ ലോകകപ്പിന് കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്ന് പ്രതീക്ഷിച്ച നികുതിയിളവ് ലഭിക്കാത്തതാണ് പ്രശ്നനത്തിന് കാരണം എന്നാണ് ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്.

2016 ലെ ലോകകപ്പ് സമയത്ത് ഐസിസിയുടെ ബ്രോഡ്കാസ്റ്റിങ് പങ്കാളിയായിരുന്ന സ്റ്റാർ ടിവി, നികുതി കുറച്ചാണ് ഐസിസിക്ക് നൽകാനുള്ള തുക അടച്ചത്. എന്നാല്‍ പ്രതീക്ഷ നികുതിയിളവ് ലോകകപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നല്‍കില്ല. ഇതോടെ ഐസിസിക്ക് 160 കോടി നഷ്ടം വന്നുവെന്നാണ് ഐസിസി പറയുന്നത്. അതുകൊണ്ടുതന്നെ ടൂർണമെന്റിന് ആതിഥ്യം വഹിച്ച ഇന്ത്യ, ആ തുക നഷ്ടപരിഹാരമായി നൽകണമെന്നും ഐസിസി ആവശ്യപ്പെടുന്നു. 

ഇക്കഴിഞ്ഞ ഒക്ടോബറിൽ സിംഗപ്പൂരിൽ നടന്ന ഐസിസി ബോർഡ് മീറ്റിങ്ങാണ് ബിസിസിഐയില്‍ നിന്നും പണമിടാക്കാന്‍ തീരുമാനിച്ചത്. പണം അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ 2021ലെ ചാംപ്യൻസ് ട്രോഫിയും 2023ലെ ഏകദിന ലോകകപ്പും ഇന്ത്യയിൽനിന്നു മാറ്റണമെന്നുമാണ് ഐസിസി തീരുമാനം

അതേസമയം കേന്ദ്രത്തോട് നികുതിയിളവ് ചോദിക്കാനുള്ള രേഖകള്‍ ഐസിസി നല്‍കിയില്ലെന്നാണ് ബിസിസിഐ പറയുന്നത്. ഐസിസിക്ക് ഏറ്റവും കൂടുതല്‍ ലാഭം കൊടുക്കുന്നവരെ ആക്രമിക്കുന്ന നിലപാടാണ് ഐസിസിയുടേതെന്നും ബിസിസിഐ അധികൃതർ കുറ്റപ്പെടുത്തിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.