Asianet News MalayalamAsianet News Malayalam

സര്‍ഫ്രാസ് അഹമ്മദിന്‍റെ വംശീയാധിക്ഷേപം; ഖേദം പ്രകടിപ്പിച്ച് പാക് ക്രിക്കറ്റ് ബോര്‍ഡ്

ആന്‍ഡൈല്‍ ഫെലുക്ക്വായോക്കെതിരെ പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദ് വംശീയാധിക്ഷേപം നടത്തിയ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. 

PCB regrets over Sarfraz Ahmed's racist remarks
Author
Durbin, First Published Jan 24, 2019, 7:39 PM IST

ഡര്‍ബന്‍‍: ദക്ഷിണാഫ്രിക്കന്‍ താരം ആന്‍ഡൈല്‍ ഫെലുക്ക്വായോക്കെതിരെ പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദ് വംശീയാധിക്ഷേപം നടത്തിയ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. പത്ര കുറിപ്പിലൂടെയാണ് ബോര്‍ഡ് മാപ്പ് ചോദിച്ചത്. വംശീയാധിക്ഷേപം അടങ്ങുന്ന പരാമര്‍ശങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും ബോര്‍ഡ് വ്യക്തമാക്കി.

ഡര്‍ബനില്‍ നടന്ന രണ്ടാം ഏകദിനത്തിനിടെയായിരുന്നു ക്രിക്കറ്റിന് നാണക്കേടുണ്ടാക്കിയ സംഭവം. ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സിലെ 37-ാം ഓവറില്‍ ക്രീസില്‍ നില്‍ക്കുകയായിരുന്ന ഫെലുക്ക്വായെ വിക്കറ്റ് കീപ്പര്‍ കൂടിയായ സര്‍ഫ്രാസ് കറുത്തവന്‍ എന്ന് ഉറുദുവില്‍ വിശേഷിപ്പിക്കുകയായിരുന്നു. സര്‍ഫ്രാസിന്‍റെ വാക്കുകള്‍ മൈക്ക് സ്റ്റംപ് ഒപ്പിയെടുത്തതോടെ വിവാദം കത്തിപ്പടര്‍ന്നു. സംഭവത്തില്‍ ഐസിസി താരത്തിനെതിരെ നടപടിക്കൊരുങ്ങുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ട്. 

ഇതിനിടെ സമൂഹമാധ്യമങ്ങളിലൂടെ മാപ്പപേക്ഷിച്ച് സര്‍ഫ്രാസ് അഹമ്മദ് രംഗത്തെത്തി. തന്‍റെ വാക്കുകള്‍ ആരെയെങ്കിലും അധിക്ഷേപിക്കാനായിരുന്നില്ലെന്നും ആരെയെങ്കിലും വേദനിപ്പിക്കുക തന്റെ ലക്ഷ്യമായിരുന്നില്ലെന്നും സര്‍ഫ്രാസ് പറഞ്ഞു. തന്റെ വാക്കുകള്‍ എതിരാളികള്‍ക്കോ അവരുടെ ആരാധകര്‍ക്കോ മനസിലാവുമെന്ന് പോലും താന്‍ കരുതിയില്ലെന്നും എതിരാളികളെ ആദരിച്ചും ബഹുമാനിച്ചും മാത്രമെ മുന്നോട്ടുപോവു എന്നും സര്‍ഫ്രാസ് വ്യക്തമാക്കി.
 

Follow Us:
Download App:
  • android
  • ios